കഴിഞ്ഞ വർഷം റഷ്യ പിടിച്ചടക്കിയത് 4,168 ചതുരശ്ര കിലോമീറ്റർ യുക്രൈൻ ഭൂമി; നഷ്ടമായത് 427,000 സൈനികരെ
2022 ഫെബ്രുവരി മുതൽ 43,000 യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ മാസം സെലെൻസ്കി പറഞ്ഞിരുന്നു
മോസ്കോ: 2024 ൽ യുക്രൈനിലെ 4,168 ചതുരശ്ര കിലോമീറ്റർ (1,609 ചതുരശ്ര മൈൽ) ഭൂമി റഷ്യ പിടിച്ചടക്കിയതായി റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐഎസ്‌ഡബ്ല്യു) ശേഖരിച്ച ജിയോലൊക്കേറ്റഡ് തെളിവുകൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. മൗറീഷ്യസിൻ്റെ ആകെ വിസ്തൃതിയുടെ ഇരട്ടിയും ന്യൂയോർക്ക് നഗരത്തിൻ്റെ അഞ്ചിരട്ടിയും വരും റഷ്യ പിടിച്ചടക്കിയ യുക്രൈൻ ഭൂമി.
ഐഎസ്‌ഡബ്ല്യു റിപ്പോർട്ട് പ്രകാരം, വയലുകളും ചെറിയ പട്ടണങ്ങളുമാണ് റഷ്യ പിടിച്ചടക്കിയ ഭൂമിയിൽ ഭൂരിഭാഗവും. യുക്രൈനിൽ നിന്ന് റഷ്യ തിരിച്ചുപിടിച്ച കുർസ്‌ക്ക് മേഖലയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അവ്ദിവ്ക, സെലിഡോവ്, വുഹ്ലേദാർ, കുരാഖോവ് എന്നീ നാല് സെറ്റിൽമെൻ്റുകളും റഷ്യ ഈ വര്ഷം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, 2024 ൽ 427,000 റഷ്യൻ സൈനികർ യുദ്ധത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി യുക്രൈന്റെ കമാൻഡർ-ഇൻ-ചീഫ് കേണൽ ജനറൽ ഒലെക്സാണ്ടർ സിർസ്കി വ്യക്തമാക്കി. പ്രതിദിനം ശരാശരി 1,180 സൈനികരെ റഷ്യക്ക് നഷ്ടമായി. കഴിഞ്ഞ വർഷം ആകെ 430,790 റഷ്യൻ സൈനികരാണ് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തത്.
100,000-ത്തിലധികം റഷ്യൻ സൈനികർ കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.റഷ്യൻ മാധ്യമങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2024 ജനുവരി 1 നും 2024 ഡിസംബർ 17 നും ഇടയിൽ കുറഞ്ഞത് 31,481 റഷ്യൻ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം 43,000 യുക്രൈനിയൻ സൈനികർ യുദ്ധക്കളത്തിൽ മരിച്ചതായി ഡിസംബർ 8 ന് പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി ഒരു ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.