കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ വന്‍ സ്‌ഫോടനം: 32 മരണം
കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ ഷിയ മസ്ജിദിലും പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം ഉണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഷിയ മസ്ജിദില്‍ സ്‌ഫോടനം. 32 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും വലിയ ഷിയ പള്ളിയായ ബിബി ഫാത്തിമ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു ചാവേര്‍ ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
നൂറിലധികം ആളുകള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ ഷിയ മസ്ജിദിലും പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം ഉണ്ടായിരുന്നു. ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് സേന അഫ്ഗാന്‍ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്.
താലിബാന്‍ ഭരണം ഏറ്റെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളില്‍ വലിയ സ്‌ഫോടനം നടന്നിട്ടുണ്ട്. താലിബാന്‍ നേതാക്കള്‍ അമേരിയ്ക്കക്ക് വഴങ്ങി എന്നാണ് ഐഎസ് വാദിക്കുന്നത്. അതുകൊണ്ടു തന്നെ താലിബാനെ മുഖ്യ ശത്രുവായാണ് ഐഎസ് കാണുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഐഎസിനെ തുടച്ചുനീക്കും എന്നതാണ് താലിബാന്റെ നിലപാട്.