താലിബാനുമായി അധികാരം പങ്കിട്ടേക്കും; അക്രമങ്ങൾ അവസാനിപ്പിക്കാൻ പരിഹാര നിർദേശവുമായി അഫ്ഗാൻ ഭരണകൂടം
ഖത്തർ മുഖേനയാണ് ഭരണം പങ്കിടാനുള്ള സന്നദ്ധത അഫ്ഗാൻ താലിബാനെ അറിയിച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു
അഫ്ഗാനിസ്താനിൽ ദിവസങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ നിർണായക നീക്കവുമായി ഭരണകൂടം. അക്രമങ്ങൾ അവസാനിപ്പിക്കാൻ അഫ്ഗാൻ ഭരണകൂടം താലിബാനുമുൻപാകെ പരിഹാര ഫോർമുല മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. താലിബാനുമായി ഭരണം പങ്കിടാന്‍ സർക്കാർ സന്നദ്ധത അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഗസ്‌നി പ്രവിശ്യാ തലസ്ഥാനം കൂടി താലിബാൻ നിയന്ത്രണത്തിലാക്കിയതോടെയാണ് പരിഹാര ഫോർമുലയുമായി ഭരണകൂടം രംഗത്തെത്തിയത്. സർക്കാർ നീക്കത്തിന്‍റെ വാർത്തകൾ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തർ മുഖേനെയാണ് ഭരണം പങ്കിടാനുള്ള സന്നദ്ധത അഫ്ഗാൻ ഭരണകൂടം താലിബാനെ അറിയിച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതേക്കുറിച്ച് തലസ്ഥാനമായ കാബൂളിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനായി ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അനുരഞ്ജനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന അഫ്ഗാൻ സമിതിയായ ഹൈ കൗൺസിൽ ഫോർ നാഷനൽ റികൺസിലിയേഷൻ ചെയർമാൻ അബ്ദുല്ല അബ്ദുല്ല യുഎസ്, ചൈന, റഷ്യ, അഫ്ഗാന്റെ അയൽരാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച തുടരുകയാണ്. അഫ്ഗാൻ ഭരണകൂടത്തിന്റെ സമാധാന പദ്ധതികൾ ഖത്തർ ഭരണകൂടവുമായി പങ്കുവച്ചിട്ടുണ്ടെന്ന് അബ്ദുല്ല അബ്ദുല്ല അറിയിച്ചു. എന്നാൽ, ഭരണം പങ്കിടാനുള്ള നീക്കത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
വിദേശ സൈന്യം സമ്പൂർണമായി പിന്മാറിയതിനുശേഷം അഫ്ഗാനില്‍ താലിബാൻ സൈന്യം ശക്തമായ മുന്നേറ്റം തുടരുകയാണ്. രാജ്യത്തിന്റെ തെക്ക്, വടക്ക്, പടിഞ്ഞാറൻ മേഖലകളിലെ തന്ത്രപ്രധാന പ്രദേശങ്ങളെല്ലാം താലിബാന്‍ നിയന്ത്രണത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. തന്ത്രപ്രധാന മേഖലയായ കുന്ദുസ് അടക്കം പത്ത് പ്രവിശ്യാതലസ്ഥാനങ്ങളാണ് ഇതിനകം താലിബാൻ പിടിച്ചടക്കിയിട്ടുള്ളത്.