റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടു, പുടിൻ അധികനാൾ അധികാരത്തില്‍ തുടരില്ല: ബൈഡന്‍

പുടിൻ അധികനാൾ അധികാരത്തിൽ തുടരില്ലെന്ന ബൈഡന്റെ പ്രസ്താവനയിൽ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്ത് എത്തി. റഷ്യക്ക് പുറത്ത് പുടിന് അധികാരമുണ്ടാകില്ലെന്നാണ് ബൈഡൻ ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി

Update: 2022-03-27 02:23 GMT
Editor : rishad | By : Web Desk
Advertising

യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യക്ക് യുക്രൈന് മേൽ വിജയം നേടാനാകില്ലെന്നും റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുടിന് അധികം നാൾ തുടരാൻ സാധിക്കില്ലെന്നും ബൈഡൻ പറഞ്ഞു. പോളണ്ട് സന്ദർശനത്തിനിടെയാണ് ബൈഡന്റെ വിമർശനം. 

റഷ്യൻ ജനതയായ നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല. നിരപരാധികളായ കുട്ടികളെയും മുത്തശ്ശിമാരെയും കൊല്ലുന്നതിനെ നിങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ ഞാൻ വിസമ്മതിക്കുന്നു- ബൈഡന്‍ പറഞ്ഞു. പലായനം ചെയ്യുന്ന ഉക്രൈന്‍ ജനതയെ റഷ്യന്‍ സൈന്യം തടയുന്നതായും ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ അവരെ പട്ടിണിയിലാക്കുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. സമാധാനം ആഗ്രഹിക്കുന്ന ഉക്രെയ്നിലെ ധീരരായ പൗരന്മാർക്കൊപ്പം അമേരിക്കൻ ജനത നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുടിൻ അധികനാൾ അധികാരത്തിൽ തുടരില്ലെന്ന ബൈഡന്റെ പ്രസ്താവനയിൽ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്ത് എത്തി. റഷ്യക്ക് പുറത്ത് പുടിന് അധികാരമുണ്ടാകില്ലെന്നാണ് ബൈഡൻ ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അല്ലാതെ റഷ്യയിലെ ഭരണമാറ്റത്തെക്കുറിച്ചല്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. 

യുദ്ധം വിലയിരുത്തുന്നതിനായി ബൈഡൻ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ടിലെ അഭയാർഥി പ്രശ്‌നം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കൻ പ്രസിഡന്റിന്റെ പോളണ്ട് സന്ദർശനത്തെ ഏറെ ശ്രദ്ധേയോടെയാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. റഷ്യൻ അധിനിവേശത്തെത്തുടർന്ന് രണ്ട് മില്യണിലധികം അഭയാർഥികൾ പോളണ്ടിൽ എത്തിയതായാണ് കണക്ക്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധി യൂറോപ്പ് നേരിടുന്ന ഘട്ടത്തിൽ പോളണ്ട് വലിയ സഹായമാണ് ചെയ്തതെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News