ഇസ്‌താംബുൾ ദുരന്തവഴിയിൽ തന്നെ: വീണ്ടും ഭൂകമ്പ സാധ്യത, കൂട്ടക്കൊല ഒഴിവാക്കാൻ ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് മുന്നറിയിപ്പ്

നടപടി നീട്ടിവെക്കുന്നത് നാശത്തിന് കാരണമാകുമെന്നും വിദഗ്‌ധർ

Update: 2023-02-17 14:59 GMT
Editor : banuisahak | By : Web Desk
Advertising

"എന്റെ ജീവതത്തിൽ ഇത്രയധികം മൃതദേഹങ്ങൾ ഞാൻ ഒരുമിച്ച് കണ്ടിട്ടില്ല,നഗരത്തിന് മൃതദേഹങ്ങളുടെ ഗന്ധമാണ്"; തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സലാം അൽദീന്റെ വാക്കുകളാണിവ. പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിന് ഇരയായിരിക്കുകയാണ് തുർക്കിയും സിറിയയും. മനുഷ്യമനഃസാക്ഷിക്ക് താങ്ങാവുന്നതിനും അപ്പുറമാണ് തുർക്കിയിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ. അത്രയേറെ ഭീകരമായാണ് ഒരു ജനതയെ ഭൂമി വിഴുങ്ങിയത്.

നടുക്കം മാറുന്നതിന് മുൻപ് തന്നെ ഇപ്പോഴിതാ തുർക്കിയിലെ പ്രധാന നഗരമായ ഇസ്‌താംബൂളിൽ സമാനമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിദഗ്ധർ. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയുടെ തെക്കുകിഴക്കുടനീളം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനാണ് ഇടയാക്കിയത്. ഇതിന് പിന്നാലെ ഇസ്‌താംബൂളിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഭൂകമ്പ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. 

ഏകദേശം ഒരു കോടി അറുപത് ലക്ഷം ജനങ്ങളാണ് ഇസ്‌താംബൂളിൽ മാത്രം വസിക്കുന്നത്. തുർക്കിയിലെ പ്രധാന ഫോൾട്ട് ലൈനുകളിലൊന്നിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരമാണിത്. 1999ൽ ഇസ്‌താംബൂളിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 17,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇസ്‌താംബൂളിനെ ദുരന്തമുഖത്ത് തന്നെ ശാസ്ത്രജ്ഞർ നിർത്താനുള്ള കാരണം. ഇപ്പോൾ ഇസ്‌താംബൂളിലെ ജനസംഖ്യ വർധിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. 

നഗരത്തിലെ മോശം കെട്ടിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ ഇസ്‌താംബൂളിൽ കൂട്ടക്കൊല ഒഴിവാക്കാനാകുമെന്ന് സ്വതന്ത്ര നഗര പണ്ഡിതനായ മുരത് ഗുനെ ചൂണ്ടിക്കാട്ടി. നടപടി നീട്ടിവെക്കുന്നത് നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

""ഇസ്താംബൂളിൽ 7.5 വരെ തീവ്രതയുള്ള ഒരു വലിയ ഭൂകമ്പം പ്രതീക്ഷിക്കുന്നു. അത്തരമൊരു ഭൂകമ്പം ലക്ഷക്കണക്കിന് നിവാസികളുടെ മരണത്തിന് കാരണമായേക്കാം. 50,000 മുതൽ 200,000 വരെ കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തേക്കാം"; ഗുനെ എഎഫ്‌പിയോട് പറഞ്ഞു. ഒരു ചെറിയ ഭൂകമ്പത്തെ പോലും ചെറുത്തുനിൽക്കാൻ സാധിക്കാത്ത കെട്ടിടങ്ങൾ ഇസ്‌താംബൂളിൽ ധാരാളമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഫെബ്രുവരി ആറിനാണ് തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഭൂകമ്പം തകർത്തുകളഞ്ഞത്. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News