തിരിച്ചറിയാൻ പോലും പറ്റാത്ത വിധം തകർന്ന മൃതദേഹങ്ങൾ: അസദ് ഭരണകൂടം തടവിലാക്കിയ ഉറ്റവരെ മോർച്ചറികളിൽ തേടി സിറിയക്കാർ
ബോഡി ബാഗുകൾ കൊണ്ട് നിറഞ്ഞ് മുസ്തഹെദ് ആശുപത്രി
ദമസ്കസ്: ബശ്ശാറുൽ അസദിന്റെ രണ്ടര പതിറ്റാണ്ടോളം നീണ്ട ഏകാധിപത്യം അവസാനിച്ചതിന് പിന്നാലെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തേടി സിറിയക്കാർ. ബശ്ശാറുൽ അസദ് അന്യായമായി തടവിലാക്കിയവരുടെ പ്രിയപ്പെട്ടവരാണ് ദമസ്കസിലെ മുസ്തഹെദ് ആശുപത്രിയിൾ ഉറ്റവരുടെ മൃതദേഹങ്ങൾ തേടി എത്തുന്നത്. ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ച ബോർഡിൽ പതിച്ച മരിച്ചവരുടെ ഫോട്ടോ നോക്കി ഉറ്റവരെ കണ്ടെത്താനുള്ള ശ്രമത്തിലാണവര്‍.
അസദ് ഭരണകൂടം തടവിലാക്കിയിരുന്ന 38 പേരുടെ മൃതദേഹങ്ങളാണ് മുസ്തഹെദ് ആശുപത്രിയിൾ ഉള്ളത്. ക്രൂരമായ പീഡനങ്ങൾക്കൊടുവിലാണ് മിക്കവരും മരണത്തിനു കീഴടങ്ങിയതെന്നതിനാല്‍, ചിത്രങ്ങളിലെ മുഖങ്ങൾ തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഏതാനും പേർ കൊല്ലപ്പെട്ടിട്ട് ആഴ്ചകൾ കഴിഞ്ഞതിനാൽ മുഖങ്ങൾ ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. ആശുപത്രി മോർച്ചറിയും ബോഡി ബാഗുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അന്വേഷിച്ച് ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
മെലിഞ്ഞ് ശോഷിച്ചവയാണ് മൃതദേഹങ്ങൾ എല്ലാം തന്നെ. സാരമായ ചതവുകളും ഒടിവുകളും ഉൾപ്പെടെ മര്‍ദനത്തിന്റെ പാടുകൾ എല്ലാ മൃതദേഹങ്ങളിലും ഉണ്ട്. മരിച്ചവരിൽ ഒരാൾ ഡയപ്പർ ധരിച്ചിരുന്നു. മറ്റൊരാളുടെ നെഞ്ചിൽ ഉടനീളം സ്റ്റിക്കർ ടേപ്പ് ഒട്ടിച്ചിരിക്കുന്നു. ജയിലിൽ ഉപയോഗിച്ചിരുന്ന നമ്പർ ഈ ടേപ്പ് കൊണ്ട് നെഞ്ചിൽ ഒട്ടിച്ചിട്ടുണ്ട്.
ഫോട്ടോകൾ കണ്ട് ഉറ്റവരെ തിരിച്ചറിയാൻ സാധിക്കാത്തവർ മോർച്ചറിയിൽ എത്തി മൃതദേഹങ്ങൾ നേരിട്ടും പരിശോധിക്കുന്നുണ്ട്. പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ എന്തെങ്കിലും അടയാളങ്ങൾ ശരീരത്തിൽ അവശേഷിക്കുണ്ടോ എന്നാണവർ തിരയുന്നത്. എന്നിട്ടും തിരിച്ചറിയാൻ ആകാതെ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് മടങ്ങുന്നവരുമുണ്ട്. ഒരു പതിറ്റാണ്ടിനോ അതിന് മുൻപോ അസദ് ഭരണകൂടം തടവിലാക്കിയവരുടെ ബന്ധുക്കളും ആശുപതിയിൽ എത്തുന്നുണ്ട്.
അസദ് ഭരണകൂടത്തിന്റെ ജയിലുകളിലെ കണ്ണില്ലാത്ത ക്രൂരതകളുടെ കഥകളാണ് പുറത്തുവരുന്നത്. അവിടെ ലോകമറിയാതെ മരിച്ച് മണ്ണടിഞ്ഞ് പോയവരും നിരവധിയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ദന്തരേഖകൾ ഉപയോഗിച്ചും കുടുംബാംഗങ്ങൾ ശ്രമം നടത്തുന്നുണ്ട്. ഡിഎൻഎ ടെസ്റ്റുകൾ ഉൾപ്പടെ നടത്തുന്നതിനെക്കുറിച്ചും ഇവർ ഡോക്ടർമാരോട് ചോദിക്കുന്നുണ്ട്.