സുഡാൻ കലാപം: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വ്യോമസേന വിമാനം ജിദ്ദയിൽ
സുഡാനിൽ നിന്ന് എത്തുന്ന യാത്രക്കാരെ ജിദ്ദയിൽ നിന്നും മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം
ജിദ്ദ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താനായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ ജിദ്ദയിലെത്തി തുടങ്ങി. ഇന്നലെ രാത്രി ഒന്നരയോടെ ആദ്യ വിമാനം ജിദ്ദയിറങ്ങി. രാവിലെ ഇന്ത്യൻ സമയം പതിനൊന്നരക്ക് രണ്ടാമത്തെ വിമാനവും ജിദ്ദയിലെത്തും. രാവിലെ മുതൽ തന്നെ സുഡാനിലേക്ക് വിമാനങ്ങൾ പുറപ്പെടും. സുഡാനിൽ നിന്ന് എത്തുന്ന യാത്രക്കാരെ ജിദ്ദയിൽ നിന്നും മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം. യാത്രക്കാരെ നാട്ടിലേക്കയക്കാൻ വൈകിയാൽ ജിദ്ദയിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
500 ആളുകളെ വരെ ഉൾക്കൊള്ളാവുന്ന വിമാനമാണ് ജിദ്ദയിൽ എത്തിയിട്ടുള്ളത്. 29 സൈനിക ക്രൂ അംഗങ്ങളും വിമാനത്തിലുണ്ട്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര ഇടപെടൽ. സൗദി ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളുടെ സഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യക്കാരായ നിരവധിപേർ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാദൗത്യംസംബന്ധിച്ചും നേതാക്കൾ ചർച്ച നടത്തി.
സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ഇന്നലെ കൺട്രോൾ റൂം തുറന്നിരുന്നു. ഏറ്റുമുട്ടലുകളിൽ ഇതുവരെ 270ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേറ്റു.