കാബൂളിൽ രക്ഷാദൗത്യം പുനരാരംഭിച്ച് ഇന്ത്യ; 85 പേരുമായി വിമാനം പുറപ്പെട്ടു

വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് തിരിച്ചത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്

Update: 2021-08-21 08:08 GMT
Editor : Shaheer | By : Web Desk
Advertising

അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാജ്യത്തിന്‍റെ രണ്ടാം വ്യോമസേനാ വിമാനമാണ് കാബൂളിൽനിന്ന് തിരിച്ചത്. 85 പേരാണ് വിമാനത്തിലുള്ളത്.

വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം താജിക്കിസ്താനിലിറങ്ങി. ഇവിടെവച്ച് ഇന്ധനം നിറച്ച ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്.

അതേസമയം, കാബൂളിലെ വിമാനത്താവളത്തിനുപുറത്ത് ഇപ്പോഴും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 280ഓളം ഇന്ത്യക്കാരാണ് വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ മലയാളികളുമുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിമുതൽ ഇവർ വിമാനത്താവളത്തിനു പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. ആരെയും വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല.

അതിനിടെ, അഫ്ഗാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം ഊർജിതമാക്കി. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്നോ നാളെയോ ഇന്ത്യക്കാരെ പൂർണമായും നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം. അഫ്ഗാന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ കാബൂളിലെത്തിക്കുക ദുഷ്‌ക്കരമാണ്. ആദ്യം ഇവരെ കാബൂളിലെത്തിച്ചിട്ടു വേണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ. ഇന്ത്യയ്ക്കാരെ നാട്ടിലെത്തിക്കാനുള്ള ചർച്ച ദോഹയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾ അയക്കാൻ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനിച്ചിരുന്നു. ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടുകയും ചെയ്തു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. നിലവിൽ വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

കാബൂൾ വിമാനത്താവളത്തിൽ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ ചാർട്ടേഡ് വിമാനങ്ങൾ അയക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ ചേർന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കിയിരുന്നു. 400ൽ താഴെ ഇന്ത്യക്കാരാണ് ഇനി തിരികെയെത്താനുള്ളത്. തിരിച്ചെത്തുന്ന പൗരന്മാർക്ക് വിസാനടപടികൾ ഉൾപ്പെടെ സുഗമമാക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News