കൂട്ടിയിടിക്കലിന്‍റെ വക്കില്‍; എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈനും രക്ഷപ്പെട്ടത് തലനാരിഴക്ക്; മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതിക്ക് രൂപം നൽകി

Update: 2023-03-26 12:58 GMT
Advertising

എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈനും കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ-320 വിമാനവും ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനവും തമ്മിലായിരുന്നു കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.

എയർ ഇന്ത്യ വിമാനം 19,000 അടിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ നേപ്പാൾ എയർലൈൻസ് വിമാനം അതേ സ്ഥലത്ത് നിന്ന് 15,000 അടിയിൽ പറക്കുകയായിരുന്നു. രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാറിൽ തെളിഞ്ഞതോടെ നേപ്പാൾ എയർലൈൻസിന്റെ വിമാനം 7,000 അടിയിലേക്ക് താഴുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സംഭവത്തിലെ അശ്രദ്ധ ചൂണ്ടിക്കാട്ടി എയർ ട്രാഫിക് വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവസമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

'ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യയ്ക്കും നേപ്പാൾ എയർലൈൻസിനും ഇടയിൽ 2023 മാർച്ച് 24-ന് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ എയർ ട്രാഫിക് കൺട്രോളർമാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചുമതലയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു'- സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാൽ എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News