അദാനിക്ക് വീണ്ടും തിരിച്ചടി; 30 വർഷത്തെ വൈദ്യുതി കരാർ റദ്ദാക്കി കെനിയ
അമേരിക്കൻ കോടതി അദാനിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി
നെയ്റോബി: അദാനി ഗ്രൂപ്പുമായുള്ള വിവിധ കരാറുകൾ റദ്ദാക്കി കെനിയ. രാജ്യത്തെ പ്രധാന എയർപോർട്ടിെൻറ വികസന പദ്ധതി, ഊർജ മന്ത്രാലയവുമായുള്ള 700 മില്യൺ ഡോളറിെൻറ കരാർ എന്നിവയാണ് റദ്ദാക്കിയത്. പ്രസിഡൻറ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ കരാറുകൾ റദ്ദാക്കാൻ ഗതാഗത, ഊർജ-പെട്രോളിയം മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയതായി പ്രസിഡൻറ് അറിയിച്ചു. അന്വേഷണ ഏജൻസികളും മറ്റു രാജ്യങ്ങളും നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിൽ കെനിയ ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ കമ്പനിയുമായി 30 വർഷത്തേക്ക് 736 മില്യൺ ഡോളറിെൻറ പൊതു-സ്വകാര്യ പങ്കാളിത്ത കരാറിൽ അദാനി എനർജി സൊല്യൂഷൻസ് ഒപ്പുവെച്ചിരുന്നു.
നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിയിൽ അമേരിക്കൻ കോടതി ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെനിയയുടെ നടപടി.
ഇന്ത്യയിൽ സൗരോർജ പദ്ധതി കരാർ ലഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് അമേരിക്കയിൽ അദാനിക്കെതിരായ കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളറിലധികം, അതായത് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റം. അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചതിൽ നടപടി ആവശ്യപ്പെട്ട് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) കോടതിയെ സമീപിച്ചിട്ടുണ്ട്.