കുട്ടികൾക്ക് സോഷ്യൽമീഡിയയിൽ വിലക്ക്, ബില്ലുമായി ആസ്ത്രേലിയ; നടക്കുമോയെന്ന് ഉറ്റുനോക്കി ലോകം
ടെക് കമ്പനികൾ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ വൻ പിഴ ഈടാക്കാനാണ് നീക്കം
മെൽബണ്‍: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് പതിനാറു വയസുവരെയുള്ള കുട്ടികളെ നിരോധിക്കാനുള്ള നീക്കവുമായി ആസ്ത്രേലിയൻ സർക്കാർ. ‘ലോകത്തെ നയിക്കുന്നത്’ എന്ന് വിശേഷിപ്പിച്ചാണ് പാർലമെന്റിന്റെ അധോസഭയിൽ ഇതു സംബന്ധിച്ച ബില്ല് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് അവതരിപ്പിച്ചത്.
എക്സ്, ടിക്ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദോഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് നിരോധനമെന്ന് ആന്‍റണി അൽബാനീസ് വ്യക്തമാക്കുന്നു. ഇതൊരു ആഗോള പ്രശ്നമാണ്, ആസ്ത്രേലിയൻ യുവാക്കൾക്ക് ബാല്യം വേണം, മാതാപിതാക്കൾക്ക് മനസ്സമാധാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ ദീർഘകാലമായി വാദിക്കുന്ന ആളുകൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയയെ ‘സാമൂഹിക വിപത്ത്’ എന്ന് വിശേഷിപ്പിച്ച ആസ്ത്രേലിയൻ പ്രധാനമന്ത്രി, കുട്ടികൾ സ്ക്രീൻ ടൈം കുറക്കണമെന്നും കൂടുതൽ സമയം കായിക വിനോദങ്ങളിലും സമപ്രായക്കാരുമായുള്ള സംഭാഷണങ്ങളിലും ഏർപ്പെടണമെന്നും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ്
പുതിയ ബിൽ അനുസരിച്ച് 16 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിരോധനം ബാധകമാണ്. നിലവിലുള്ള ഉപയോക്താക്കൾക്കോ മാതാപിതാക്കളുടെ സമ്മതമുള്ളവർക്കോ ഇളവുകൾ ഉണ്ടാകില്ല. ടെക് കമ്പനികൾ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ വൻ പിഴ ഈടാക്കും. എന്നാൽ, കുട്ടികൾക്ക് അനുയോജ്യമെന്ന് കരുതുന്ന റിസ്‌ക് കുറഞ്ഞ സേവനങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഇളവുകൾ ഉണ്ടാകും. ഇതിനുള്ള മാനദണ്ഡം ഇനിയും നിശ്ചയിച്ചിട്ടില്ല. അടുത്തയാഴ്ച പാർലമെന്റിൽ നിയമ നിർമാണം അവതരിപ്പിക്കുമ്പോഴാകും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നത്.
രാഷ്ട്രീയമായി പദ്ധതി ഏറെ ജനപ്രിയമാണെങ്കിലും ഇതെങ്ങനെ പ്രായോഗികമാക്കുമെന്ന ആകാംക്ഷയിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർ. എട്ട് ആസ്ത്രേലിയൻ സംസ്ഥാനങ്ങളുടെയും പ്രധാന ഭൂഭാഗങ്ങളുടേയും നേതാക്കൾ ഏകകണ്ഠമായി ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ഏറ്റവും ചെറിയ സംസ്ഥാനമായ ടാസ്മാനിയ പ്രായപരിധി 14 ആയി നിശ്ചയിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്ന നിർദേശം മുന്നോട്ടുവെച്ചു.
ആസ്തേലിയയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. കുട്ടികൾ സോഷ്യൽ മീഡിയയിൽ പ്രവേശിക്കുന്നത് തടയേണ്ടതുണ്ടോ? അങ്ങനെ ചെയ്യുന്നതിന്റെ പ്രതികൂല ഫലങ്ങൾ എന്തായിരിക്കാം എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
16 വയസെന്ന പ്രായപരിധിയെ അപലപിച്ചുകൊണ്ട് 140ലധികം വിദഗ്ധർ ഒപ്പുവെച്ച ഒരു തുറന്ന കത്ത് പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന് അയച്ചു. ആസ്‌ത്രേലിയയിലെ മെറ്റാ,സ്‌നാപ്ചാറ്റ്, എക്‌സ് തുടങ്ങിയ ടെക് കമ്പനികളുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്കുള്ള ഇരുപതാം നൂറ്റാണ്ടിന്റെ പ്രതികരണം’ എന്നാണ് സർക്കാർ തീരുമാനത്തെ പരിഹസിച്ചത്. എന്നാൽ, സർക്കാർ നീക്കത്തെ അഭിനന്ദിച്ച് ചില രക്ഷിതാക്കൾ മുന്നോട്ടുവരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമല്ല ആസ്ത്രേലിയ. ദക്ഷിണ കൊറിയയിൽ 2011-ൽ പാസായ 'ഷട്ട്ഡൗൺ നിയമം' 16 വയസിന് താഴെയുള്ള കുട്ടികൾക്ക് അർധരാത്രിക്കുശേഷം ഗെയിമിങ് സൈറ്റുകൾ ആക്സസ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. യുവാക്കളുടെ അവകാശങ്ങളെ മാനിക്കണം എന്നായിരുന്നു ഈ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട വിമർശനം. മാതാപിതാക്കളുടെ സമ്മതമില്ലാതെ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ പ്രവേശനം അനുവദിക്കരുതെന്ന നിയമം ഫ്രാൻസ് കഴിഞ്ഞവർഷം കൊണ്ടുവന്നിരുന്നു.
യു.എസില്‍ പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടെക്‌നോളജി കമ്പനികളുടെ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് രക്ഷാകർതൃ സമ്മതം ആവശ്യമാണ്. ഇതിനാല്‍ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും കുട്ടികളെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്.