കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി; പ്രധാനമന്ത്രിയായി രജപക്സെ തുടരും
എല്ലാ മന്ത്രിമാരും വകുപ്പുകൾ ഒഴിഞ്ഞ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി
ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ കൂട്ടരാജി പ്രഖ്യാപിച്ച് മന്ത്രിമാർ. എല്ലാ മന്ത്രിമാരും വകുപ്പുകൾ ഒഴിഞ്ഞ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. അതിനിടെ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചെന്ന വാർത്ത നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.
അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാർ കൂട്ടമായി രാജി പ്രഖ്യാപനം നടത്തിയത്. 26 മന്ത്രിമാർ രാജിവച്ച് സ്ഥാനം ഒഴിഞ്ഞു.രാജി സമർപ്പിച്ച മന്ത്രിമാരിൽ മഹിന്ദ രാജ്പക്സെയുടെ മകനും കായിക മന്ത്രിയുമായ നമൽ രാജ്പക്സെയും ഉൾപ്പെടുന്നുണ്ട്. മന്ത്രിമാർ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി.വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി രാജിവച്ചെന്ന് നേരത്തെ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. വാർത്ത പുറത്തു വന്നതിന് തൊട്ടു പിന്നാലെ വാർത്ത നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാപ്പം പ്രതിഷേധവും കനക്കുകയാണ്. കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കയിലെ വിവിധയിടങ്ങളിൽ കർഫ്യൂ ലംഘിച്ച് രാജ്യവ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് തടയിടാനായി സർക്കാർ പന്ത്രണ്ടോളം സാമൂഹിക മാധ്യമങ്ങൾക്കേർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
സര്‍ക്കാര്‍ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു.പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ കൊളംബോയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് പടിഞ്ഞാറൻ പ്രവിശ്യയിൽ 664 അറസ്റ്റിലായി.എയർ ഇന്ത്യ ശ്രീലങ്കയിലേക്ക് നടത്തിയിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കി.ഇന്ത്യ നൽകിയ 40,000 മെട്രിക് ടൺ ഡീസൽ ശ്രീലങ്കയിൽ എത്തിച്ചു.