യുഎസിൽ ആമസോൺ തൊഴിലാളികൾ സമരത്തിൽ; പണിമുടക്കുന്നത് പതിനായിരത്തോളം ജീവനക്കാർ

വർഷത്തിലെ ഏറ്റവും തിരക്കേറിയ ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്താണ് ജീവനക്കാരുടെ സമരം

Update: 2024-12-20 05:48 GMT
Editor : സനു ഹദീബ | By : Web Desk
Advertising

വാഷിംഗ്‌ടൺ: ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളിൽ ജീവനക്കാർ പണിമുടക്കിൽ. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. മെച്ചപ്പെട്ട വേതനം, തൊഴിൽ സാഹചര്യങ്ങൾ, മെച്ചപ്പെട്ട ചികിത്സ സഹായം എന്നിവ സംബന്ധിച്ച് യൂണിയനുമായി കമ്പനി മാനേജ്‌മന്റ് കരാറിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ടാണ് ക്രിസ്മസിന് ഒരാഴ്ച മാത്രം ശേഷിക്കെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.

വർഷത്തിലെ ഏറ്റവും തിരക്കേറിയ ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്താണ് ജീവനക്കാരുടെ സമരം. തൽഫലമായി മേഖലയിലെ പാക്കേജ് ഡെലിവെറിയിൽ കാലതാമസമുണ്ടാകുമോയെന്ന് ആശങ്കകളുണ്ട്. എന്നാൽ തൊഴിലാളികളുടെ നീക്കം കമ്പനി പ്രവർത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമസോൺ പ്രതികരിച്ചു.

ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. ആമസോണിലെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തെയാണ് യൂണിയൻ പ്രതിനിധീകരിക്കുന്നത്.രാജ്യവ്യാപകമായി 10,000 ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യൂണിയൻ ആമസോണിന് ഡിസംബർ 15 സമയപരിധി നൽകിയിരുന്നു. എന്നാൽ കമ്പനി ഇതിന് തയ്യാറാകാതെ വന്നതോടെയാണ് വെയർഹൗസ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്.

“ഈ അവധിക്കാലത്ത് നിങ്ങളുടെ പാക്കേജ് വൈകുകയാണെങ്കിൽ, ആമസോണിൻ്റെ അടങ്ങാത്ത അത്യാഗ്രഹത്തെ നിങ്ങൾക്ക് കുറ്റപ്പെടുത്താം. ഞങ്ങൾ ആമസോണിന് വ്യക്തമായ സമയപരിധി നൽകി. അവർ അത് അവഗണിച്ചു. ഈ സമരം അവർക്കെതിരെയാണ്,” ടീംസ്റ്റേഴ്‌സ് ജനറൽ പ്രസിഡൻ്റ് സീൻ ഒബ്രിയൻ വ്യക്തമാക്കി. ആമസോണിനെതിരെ നടന്നിട്ടുള്ള ഏറ്റവും വലിയ സമരമായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News