സിറിയയിൽ നിന്ന് ഒളിച്ചോടുന്ന റഷ്യ; പറക്കാൻ വരിനിന്ന് സൈനികവാഹനങ്ങൾ
ബശ്ശാറുൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണ നൽകിയ റഷ്യ അപ്രതീക്ഷിത ഭരണാമാറ്റത്തിൽ കടുത്ത ആശങ്കയിലാണ്
ദമസ്‌കസ്: ബശ്ശാറുൽ അസദിന്റെ ഭരണ അന്ത്യത്തിന് പിന്നാലെ സിറിയയിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങുന്നുവെന്ന് റിപ്പോർട്ട്. സിറിയയിലെ റഷ്യൻ നിയന്ത്രിത തുറമുഖത്തിന്റെയും പടിഞ്ഞാറൻ സിറിയയിലെ എയർബേസിന്റെയും ഉപഗ്രഹ ചിത്രങ്ങൾ പ്രകാരമാണ് റഷ്യയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത്. ചിത്രങ്ങൾ പ്രകാരം ഈ രണ്ട് പ്രദേശങ്ങളിലേക്കും വൻതോതിൽ റഷ്യൻ സായുധ വാഹനങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ രണ്ട് കേന്ദ്രങ്ങളിലും റഷ്യയുടെ മിലിട്ടറി വാഹനങ്ങളെ നീക്കം ചെയ്യുന്ന ട്രാൻസ്‌പോർട്ട് വിമാനങ്ങൾ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ തെക്കൻ സിറിയയുടെ പല ഭാഗങ്ങളിൽ നിന്നും റഷ്യൻ സായുധ ട്രക്കുകൾ വടക്കുള്ള റഷ്യൻ ക്യാമ്പുകളിലേക്ക് നീങ്ങുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
യുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാറിന്റെ നിഗമനപ്രകാരം റഷ്യ സിറിയയിൽ നിന്നും തങ്ങളുടെ സേനയെ പരിപൂർണമായി പിൻവലിക്കുന്നതിനോ, സൈനികശക്തി കുറയ്ക്കുന്നതിനോ തീരുമാനിച്ചിരിക്കുകയാണ്.
പുതിയ ഗവൺമെന്റുമായി സമാധാനത്തോടെ ചർച്ചകൾ നടത്തുന്നതിനായി റഷ്യ സ്വീകരിക്കുന്ന നിലപാടായിരിക്കാം സായുധ വാഹനങ്ങളുടെയും സൈന്യത്തിന്റെയും തിരിച്ചുവിളിക്കൽ എന്നും നിഗമനമുണ്ട്.
ബശ്ശാറുൽ അസദ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു റഷ്യ പുലർത്തിയിരുന്നത്. 2011ൽ അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ റഷ്യൻ സേനയാണ് അസദിന് സഹായമൊരുക്കിയത്. രാജ്യത്ത് റഷ്യ തങ്ങളുടെ സൈന്യത്തെ വൻതോതിൽ വിന്യസിക്കുകയും ചെയ്തിരുന്നു.
1970ൽ താർതൗസിൽ സോവിയറ്റ് യൂണിയൻ സ്ഥാപിച്ച തുറമുഖം 2012ൽ തങ്ങളുടെ ആവശ്യാനുസരണം റഷ്യ പുതുക്കിപ്പണിതിരുന്നു. ഇത് കൂടാതെ ഹ്മെയ്മിമിലെ എയർബേസ് 2015 മുതൽ റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇവിടെ നിന്നാണ് സിറിയയിലെ പല പ്രദേശങ്ങളിലേക്കും റഷ്യ മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നത്.
സിറിയയിലെ രണ്ട് സൈനികകേന്ദ്രങ്ങളും റഷ്യയ്ക്ക് വളരെ തന്ത്രപ്രധാനമായ പ്രവിശ്യകളാണ്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ റഷ്യയ്ക്ക് ഈ മേഖലകളിൽ നിന്ന് സാധിക്കും.
എന്നാൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയോടെ റഷ്യയുടെ സിറിയയിലെ നിലനിൽപ്പിൽ സംശയങ്ങളുദിക്കാൻ തുടങ്ങി. പുതിയ ഭരണകൂടവുമായി വിഷയത്തിൽ ചർച്ച നടത്താനൊരുങ്ങിയിരിക്കുകയാണ് റഷ്യ. വിഷയത്തിൽ ഇതുവരെ നടപടിയായിട്ടില്ലെന്നും സിറിയൻ അധികൃതരുമായി ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രെംലിനിൽ നിന്നുള്ള പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു.
പ്ലാനറ്റ് ലാബ്‌സിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് ബിബിസി നടത്തിയ അന്വേഷണത്തിലാണ് സിറിയയിലെ റഷ്യൻ നീക്കത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിരിക്കുന്നത്. സായുധ വാഹനങ്ങളും സൈനികരെയും നീക്കുന്നതിനായി ഉപയോഗിക്കുന്ന രണ്ട് അന്റൊണോവ് എഎൻ - 124 വിമാനങ്ങൾ വെള്ളിയാഴ്ച എയർബേസിൽ കാണാൻ സാധിച്ചിരുന്നു എന്നാൽ ചൊവ്വാഴ്ചയോടെ രണ്ടു വിമാനങ്ങളെയും കാണാതായി. ബുധനാഴ്ച രണ്ട് വിമാനങ്ങളെ വീണ്ടും എയർബേസിൽ കണ്ടെത്തി.
മറ്റൊരു ദൃശ്യപ്രകാരം റഷ്യൻ നിർമിത വിമാനമായ ഇൽയൂഷിൻ ഇൽ - 76 ട്രാൻസ്‌പോർട്ട് വിമാനവും നിരവധി സൈനികവാഹനങ്ങളും ഒരു എയർഫീൽഡിൽ പാർക്ക് ചെയ്തതായും കാണാൻ സാധിക്കുന്നുണ്ട്.
വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന ഫ്‌ലൈറ്റ് ട്രേഡർ 24 എന്ന് വെബ്‌സൈറ്റ് നിരീക്ഷിച്ചത് പ്രകാരം മറ്റൊരു ഭീമൻ ട്രാൻസ്‌പോർട്ട് വിമാനമായ ആന്റണോവ് എൻ - 124 റഷ്യയിൽ നിന്നും സിറിയയിലേക്ക് തിരിച്ചിട്ടുണ്ട്. ഹ്മെയിം എയർബേസിന്റെ തൊട്ടടുത്ത് വെച്ച് വിമാനത്തിന്റെ സിഗ്നൽ നിലച്ചതിനാൽ ഇത് ഇവിടെ ഇറങ്ങിയതായാണ് കരുതുന്നത്. ആറ് മണിക്കൂറുകൾക്ക് ശേഷം ഇതേ വിമാനം വടക്കോട്ട് തിരിച്ചതായും സിഗ്നലുകളുണ്ട്.
അസദ് ഭരണകൂടത്തിന്റെ പൊടുന്നനെയുള്ള തകർച്ച റഷ്യ പ്രതീക്ഷിച്ചില്ലെന്നും തങ്ങളുടെ സേനയെ മുഴുവനായി പിന്തിരിപ്പിക്കാൻ റഷ്യ തീരുമാനിച്ചിട്ടില്ലെന്നും നിഗമനമുണ്ട്. വിമാനങ്ങളുടെ തുടർച്ചയായുള്ള പോക്കുവരവുകൾ റഷ്യ ഘട്ടം ഘട്ടമായി സൈന്യത്തെയും ഉപകരണങ്ങളെയും നീക്കുന്നതിന്റെ ഭാഗമായാണ് എന്നും വിദഗ്ധർ കരുതുന്നു.
താർതസിലെ തുറമുഖത്ത് നിന്നും റഷ്യൻ യുദ്ധകപ്പലുകൾ പോയതായും റിപ്പോർട്ടുകളുണ്ട്. ഈ കപ്പലുകൾ നിലവിൽ അന്താരാഷ്രട്ര കപ്പൽ പാതയിലാണുള്ളത്. തുറുമഖത്ത് ഇതിനോടകം നൂറുകണക്കിന് റഷ്യൻ സൈനിക വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. ക്രെയിനുകളുടെയും റാമ്പുകളുടെയും അഭാവത്താൽ റഷ്യ വാഹനങ്ങളെ നീക്കാനുള്ള സാധ്യത കുറവാണെന്നും പലരും കരുതുന്നു.
ദമസ്‌കസ് മുതൽ റഷ്യൻ വാഹനങ്ങൾ വരിവരിയായി യാത്ര ചെയ്യുന്ന വീഡിയോ ബിബിസി പുറത്തുവിട്ടിരുന്നു.