നൃത്തം ചെയ്യും പോലെ വിറച്ചുതുള്ളുന്ന രോഗികൾ; ഉഗാണ്ടയെ ഭീതിയിലാഴ്ത്തി ഡിങ്ക ഡിങ്ക രോഗം

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യമന്ത്രാലയം

Update: 2024-12-18 16:00 GMT
Editor : ശരത് പി | By : Web Desk
Advertising

കംപാല: ആശങ്കയും കൗതുകവും ഉണർത്തുകയാണ് ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ പടർന്നുപിടിച്ചിരിക്കുന്ന ഡിങ്ക ഡിങ്ക രോഗം. എന്താണ് ഉറവിടമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലാത്ത രോഗത്തിന്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണ്. രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നുവെന്നതാണ് പ്രത്യേകത. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക ഡിങ്ക എന്ന വാക്കിന്റെ അർഥവും.

സ്ത്രീകളെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്ന രോഗം ബുണ്ടിബുഗ്യോ ജില്ലയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

മറ്റ് രോഗങ്ങളിൽ നിന്ന് ഡിങ്ക ഡിങ്കയെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയൽ തന്നെയാണ്. വിറയൽ കാരണം രോഗികൾക്ക് നടക്കാനാവത്ത അവസ്ഥ വരുന്നു. വിറയലിനെ കൂടാതെ തീവ്രമായ പനി, ക്ഷീണം അപൂർമായി പക്ഷാഘാതം എന്നിവയും രോഗികളെ ബാധിക്കുന്നു.

നിലവിൽ ബുണ്ടിബുഗ്യോ ജില്ലയിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 300 രോഗികളാണ് ഇതിനോടകം രോഗത്തിനായി ചികിത്സ തേടിയിരിക്കുന്നത്. നിലവിൽ രോഗം വിറയൽ, പനി എന്നീ അവസ്ഥകൾക്കപ്പുറം ഗുരുതരമായിട്ടില്ല. ആന്റീബയോട്ടിക്കൾ ഉപയോഗിച്ച് രോഗത്തെ ചികിത്സിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

രോഗികൾ ഒരാഴ്ചത്തെ ചികിത്സ കൊണ്ട് രോഗമുക്തി നേടുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ ശതമാനവും കൂടുതലാണ്.

എന്താണ് രോഗത്തിന്റെ ഉറവിടമെന്ന് തിരിച്ചറിയാനാകാത്തതാണ് നിലവിൽ രോഗത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ശാസ്ത്രീയമായ ചികിത്സാ രീതിക്ക് പുറമെ വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തിലേക്കാണ് രോഗമുക്തിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉഗാണ്ടയിൽ വലിയൊരു ശതമാനം മന്ത്രവാദ ചികിത്സകരുണ്ട്. എന്നാൽ ഇത്തരം ചികിത്സാരീതികളെ ആശ്രയിക്കാതെ ശാസ്ത്രീയമായ ചികിത്സ തേടാനാണ് ആരോഗ്യമന്ത്രാലയം രോഗികളോട് പറയുന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News