ബംഗ്ലാദേശിൽ തബ്‌ലീഗ് ജമാഅത്ത് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി: നാല് മരണം, 50ലേറെ പേർക്ക് പരിക്ക്
തബ്‌ലീഗ് ജമാഅത്ത് വിഭാഗം നേതാക്കളായ മൗലാന സുബൈർ അഹമ്മദിന്റെയും മൗലാന സആദ് കന്ദൽവിയുടേയും അനുയായികളാണ് പരസ്പരം ഏറ്റുമുട്ടിയത്
ധാക്ക: ബംഗ്ലാദേശില്‍ രണ്ട് തബ്‌ലീഗ് ജമാഅത്ത് വിഭാഗം തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ ധാക്കയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഗാസിപൂര്‍ ടോംഗിയിലാണ് സംഭവം. തബ്‌ലീഗ് ജമാഅത്ത് വിഭാഗം നേതാക്കളായ മൗലാന സുബൈർ അഹമ്മദിന്റെയും മൗലാന സആദ് കന്ദൽവിയുടേയും അനുയായികളാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമം.
തബ്‌ലീഗ് ജമാഅത്തിൻ്റെ വാർഷിക പ്രാര്‍ത്ഥന സംഗമമായ ബിശ്വ ഇജ്തെമ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. സമ്മേളനം നടക്കുന്ന ടോംഗിയിലെ ഇജ്തെമ ഗ്രൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇരുവിഭാഗവും എത്തിയതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.
മരിച്ച മൂന്നുപേരും തങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളാണെന്നാണ് ഇരു വിഭാഗവും അവകാശപ്പെടുന്നത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഉയരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പരിക്കേറ്റവരില്‍ 20ലധികം പേര്‍ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
തിരക്ക് കണക്കിലെടുത്ത്, സുബൈറിന്റെ അനുയായികളുടെ ബിശ്വ ഇജ്‌തെമയുടെ ആദ്യ ഘട്ടം അടുത്ത വർഷം ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെയും സആദ് അനുയായികളുടേത് ഫെബ്രുവരി 7 മുതൽ 9 വരെയും നടത്താനുമായിരുന്നു സർക്കാർ തീരുമാനം. എന്നാല്‍ ഇജ്‌തെമയുടെ മുന്നോടിയായുള്ള പരിപാടി സംഘടിപ്പിക്കാന്‍ സആദിന്റെ അനുയായികൾ ശ്രമിച്ചു. ഇതിനെതിരെ മറുവിഭാഗം രംഗത്ത് എത്തിയതോടെയാണ് സംഘര്‍ഷം പുറപ്പെട്ടത്.
ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സആദിന്റെ അനുയായികളെ സുബൈർ അഹമ്മദിന്റെ അനുയായികൾ തടഞ്ഞു. ഇത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. സ്ഥലത്ത് ഇപ്പോൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും ഇരുകൂട്ടരും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധാരണയിലെത്തിയാൽ സർക്കാർ തീരുമാനമെടുക്കുമെന്നും ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് ജഹാംഗീർ ആലം ചൗധരി വ്യക്തമാക്കി.