'ഫലസ്തീനികളുടെ ധൈര്യത്തിന്‍റെ ഒരു ഔൺസെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ മരിക്കുമായിരുന്നു'; ഗസ്സയിൽ നിന്ന് തിരിച്ചെത്തിയ യുഎസ് നഴ്‌സ്
ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ നഴ്‌സ് ആക്‌റ്റിവിറ്റി മാനേജരായ എമിലി ആഗസ്ത് മുതൽ ഗസ്സയിലായിരുന്നു
ന്യൂയോര്‍ക്ക്: ഫലസ്തീനികളുടെ ധൈര്യത്തിന്‍റെ ഒരു ഔൺസെങ്കിലും ഉണ്ടായിരുന്നെങ്കിൽ താൻ സന്തോഷത്തോടെ മരിക്കുമായിരുന്നുവെന്ന് ഗസ്സയിൽ നിന്ന് തിരിച്ചെത്തിയ യുഎസ് നഴ്‌സ്. ഒരു മാസത്തോളം ഗസ്സയില്‍ ജോലി ചെയ്ത എമിലി കല്‍ഹനാണ് യുദ്ധമുഖത്ത് കഴിയുന്ന ഫലസ്തീനിലെ സാധാരണക്കാരായ ആളുകള്‍ ജീവിക്കുന്ന ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ നഴ്‌സ് ആക്‌റ്റിവിറ്റി മാനേജരായ എമിലി ആഗസ്ത് മുതൽ ഗസ്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തിരികെ അമേരിക്കയിലേക്ക് മടങ്ങിയത്. “ഞാൻ വീട്ടിലാണെന്നും എന്‍റെ കുടുംബത്തോടൊപ്പമാണെന്നും 26 ദിവസത്തിനുള്ളിൽ ആദ്യമായി സുരക്ഷിതത്വം തോന്നുന്നതിലും എനിക്ക് ആശ്വാസമുണ്ട്. പക്ഷെ അതിലൊന്നും സന്തോഷം കണ്ടെത്താൻ എനിക്ക് സാധിക്കുന്നില്ല. കാരണം ഞാന്‍ സുരക്ഷിതയായത് ഗസ്സയിലെ ആളുകളെ ഉപേക്ഷിക്കേണ്ടി വന്നതിന്‍റെ ഫലമായിട്ടാണ്'' എമിലി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സുരക്ഷാപ്രശ്നങ്ങള്‍ കാരണം 26 ദിവസത്തിനിടെ തങ്ങളെ അഞ്ചു തവണം സ്ഥലം മാറ്റിയതായും എമിലി പറഞ്ഞു. ആശുപത്രികള്‍ തിങ്ങിനിറഞ്ഞിരുന്നു. ചികിത്സിച്ചതിനു ശേഷം ഉടന്‍ തന്നെ ആളുകളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതായി വന്നു. ഇതിന്‍റെ ഫലമായി മുതിര്‍ന്നവരും കുട്ടികളും പൊള്ളലേറ്റ് ഭേദമാകാത്ത ശരീരഭാഗങ്ങളുമായി ക്യാമ്പിന് ചുറ്റും നടക്കുന്ന കാഴ്ചയും കാണാനിടയായി. ''മുഖത്തും കഴുത്തിലും കൈകാലുകളിലും വലിയ രീതിയില്‍ പൊള്ളലേറ്റ കുട്ടികളുണ്ടായിരുന്നു, ആശുപത്രികൾ നിറഞ്ഞതിനാല്‍ അവരെ ഉടൻ ഡിസ്ചാർജ് ചെയ്യേണ്ടി വന്നു,” എമിലി സിഎൻഎന്നിന്‍റെ ആൻഡേഴ്സൺ കൂപ്പറിനോട് പറഞ്ഞു. വെള്ളം പോലും ലഭിക്കാത്ത ക്യാമ്പുകളിലേക്കാണ് അവരെ വിട്ടയക്കുന്നത്. 50,000 പേര്‍ തിങ്ങിനിറഞ്ഞു കഴിയുന്ന ആ ക്യാമ്പില്‍ നാല് ടോയ്‍ലറ്റുകളാണ് ആകെ ഉണ്ടായിരുന്നത്. ഓരോ 12 മണിക്കൂറിലും വെറും രണ്ടു മണിക്കൂറാണ് വെള്ളം ലഭിക്കുന്നത്.
താനും മറ്റ് വിദേശ ഡോക്ടര്‍മാരും നഴ്സുമാരും അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഫലസ്തീനിയൻ ടീമംഗങ്ങൾ ചെയ്ത ത്യാഗങ്ങളെക്കുറിച്ചും എമിലി വിശദീകരിച്ചു. സാധനങ്ങള്‍ തീര്‍ന്നുപോകുമ്പോള്‍ ഭക്ഷണവും വെള്ളവും കണ്ടെത്തി നല്‍കുകയും കുടിയൊഴിപ്പിക്കല്‍ സമയത്ത് വാഹനസൗകര്യം ഏര്‍പ്പെടുത്തിയെന്നും എമിലി പറഞ്ഞു.
''അവരില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ മരിക്കുമായിരുന്നു'' നഴ്സ് തന്‍റെ ഫലസ്തീന്‍ സഹപ്രവര്‍ത്തകരെക്കുറിച്ച് പറഞ്ഞു. ഇവരില്‍ പലരും പലായനം ചെയ്യുന്നതിനു പകരം ഗസ്സയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായും എമിലി കൂട്ടിച്ചേര്‍ത്തു. ഗസ്സ വിട്ടുപോകാനുള്ള പലായന ഉത്തരവുകൾ ലഭിച്ചപ്പോള്‍ തന്‍റെ ആശുപത്രിയിലെ ജീവനക്കാർ തന്നോടൊപ്പം വരുമോ എന്നറിയാൻ അവൾ ഉടൻ തന്നെ അവർക്ക് സന്ദേശമയച്ചതായി എമിലി പറഞ്ഞു. "ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിയാണ്. ഇതാണ് ഞങ്ങളുടെ കുടുംബം. ഇവര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവർ ഞങ്ങളെ കൊല്ലാൻ പോകുകയാണെങ്കിൽ, കഴിയുന്നത്ര ആളുകളെ രക്ഷിച്ച് ഞങ്ങൾ മരിക്കും, ”എന്നായിരുന്നു തനിക്ക് ലഭിച്ച ഒരേയൊരു ഉത്തരമെന്ന് എമിലി പറഞ്ഞു. ഗസ്സയിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് തന്‍റെ ഹൃദയം ഗസ്സയിലാണെന്നും അത് ഗസ്സയില്‍ തന്നെ തുടരുമെന്നായിരുന്നു എമിലിയുടെ മറുപടി.
ഫലസ്തീൻ ആരോഗ്യ പ്രവർത്തകരുടെ കരുണയെക്കുറിച്ചും എമിലി അഭിമുഖത്തില്‍ പറയുന്നുണ്ട്. ''സ്വന്തം കുടുംബത്തെയും ആരോഗ്യത്തെയും സുരക്ഷയെയും മറന്ന് ഞങ്ങള്‍ക്കു വേണ്ടി വെള്ളവും ഭക്ഷണവും നല്‍കിയ അവരെ ഞങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. അവരെ കൂടെക്കൊണ്ടുപോകുന്നിലെന്ന് അറിഞ്ഞിട്ടും അതിര്‍ത്തി കടക്കാന്‍ അവര്‍ ഞങ്ങളെ സഹായിച്ചു. അവര്‍ ഒരിക്കലും തളര്‍ന്നില്ല''.പട്ടിണിയും നിര്‍ജ്ജലീകരണവും കാരണം ഞങ്ങള്‍ മരിക്കുമായിരുന്നുവെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാകില്ല. എന്നാല്‍ അതെല്ലാം അവര്‍ ഞങ്ങള്‍ക്ക് ഒരുക്കിത്തന്നു. ഗസ്സ ഒരു ചെറിയ നഗരമാണ്, അതിനാൽ എല്ലാവർക്കും എല്ലാവരെയും അറിയാം.ഭക്ഷണം എവിടെ കിട്ടുമെന്ന് അവര്‍ക്കറിയാം. വെള്ളം തേടി അവര്‍ ഒരുപാട് അലഞ്ഞിരുന്നു. '' എമിലി പറയുന്നു.
ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം തന്‍റെ സഹപ്രവർത്തകരിലൊരാളായ നഴ്‌സ് കൊല്ലപ്പെട്ടതായി എമിലി വ്യക്തമാക്കി. ആശുപത്രിക്ക് പുറത്തുള്ള ആംബുലൻസ് പൊട്ടിത്തെറിച്ചാണ് ആ നഴ്സ് കൊല്ലപ്പെട്ടത്. ഗസ്സയിലെ തന്‍റെ സഹപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് താൻ എല്ലാ ദിവസവും ആശങ്കയിലാണെന്ന് അവർ പറഞ്ഞു. നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാനവര്‍ക്ക് മെസേജ് അയക്കും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും ഈ സന്ദേശം ആവര്‍ത്തിക്കും...എമിലി കൂട്ടിച്ചേര്‍ത്തു.