ഇസ്രായേലിൽ സർക്കാറിനെതിരായ പ്രതിഷേധം അക്രമാസക്തം; രാജ്യം അപകടാവസ്ഥയിലേക്കെന്ന് മുന്നറിയിപ്പ്

സർക്കാർ രാജിവെക്കുക, തെരഞ്ഞെടുപ്പ് നേരത്തേ നടത്തുക, ഹമാസുമായി കരാറുണ്ടാക്കുക എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം

Update: 2024-04-03 15:37 GMT
Advertising

തെൽഅവീവ്: ഇസ്രായേൽ സർക്കാറിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമാകുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ഇസ്രായേലിലെ ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവൻ റോണൻ ബാർ മുന്നറിയിപ്പ് നൽകി.

‘ഓൺലൈനിൽ പ്രചരിക്കുന്ന തീവ്ര പ്രഭാഷണങ്ങളും ജറുസലേമിൽ കണ്ട അക്രമാസക്തമായ ദൃശ്യങ്ങളും അനുവദനീയമായ പ്രതിഷേധത്തിനും അപ്പുറമാണ്. ഇത് രാജ്യത്തിന്റെ സമാധാന നിലയെ ദോഷകരമായി ബാധിക്കും. നിയമപാലകരുമായി അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാം. അവരുടെ ജോലിയെ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥർക്ക് ദോഷം വരുത്തുകയും ചെയ്യും’ -റോണൻ ബാർ പ്രസ്താവനയിൽ പറഞ്ഞു.

‘നിയമപരമായ പ്രതിഷേധവും അക്രമപരവും നിയമവിരുദ്ധവുമായ പ്രതിഷേധവും തമ്മിൽ വ്യക്തമായ അതിർവരമ്പുണ്ട്. ഇപ്പോഴുള്ളത് ആശങ്കാജനകമായ പ്രവണതയാണ്. അത് അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. അങ്ങനെ സംഭവിക്കാൻ പാടില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രി സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ പടിഞ്ഞാറൻ ജറുസലേമിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് ചുറ്റും പ്രതിഷേധക്കാരും പൊലീസും വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. പൊലീസിന്റെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. സർക്കാർ രാജിവെക്കുക, തെരഞ്ഞെടുപ്പ് നേരത്തേ നടത്തുക, ഹമാസുമായി ബന്ദിമോചന കരാറുണ്ടാക്കുക എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം.

നിലവിൽ 130ഓളം ഇസ്രയേലികൾ ഹമാസിന്റെ കൈവശം ബന്ദികളായുണ്ടെന്നാണ് കരുതുന്നത്. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായും പിൻമാറിയാൽ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന നിലപാടിലാണ് ഹമാസ്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News