ഗ്രാമി പുരസ്‌കാരം നേടുന്ന ആദ്യത്തെ പാക് വനിതയായി അരൂജ് അഫ്താബ്
മികച്ച ഗ്ലോബൽ പെർഫോമൻസ് വിഭാഗത്തിൽ 'മുഹബത്ത്' എന്ന ഗാനത്തിലൂടെയാണ് അരൂജ് ചരിത്രനേട്ടം സ്വന്തമാക്കിയത്
ലാസ് വെഗാസ്: ഗ്രാമിയിൽ മുത്തമിടുന്ന ആദ്യ പാക്കിസ്ഥാൻ വനിതയെന്ന നേട്ടം സ്വന്തമാക്കി ഗായിക അരൂജ് അഫ്താബ്. മികച്ച ഗ്ലോബൽ പെർഫോമൻസ് വിഭാഗത്തിൽ 'മുഹബത്ത്' എന്ന ഗാനത്തിനാണ് അരൂജിന് അവാർഡ് ലഭിച്ചത്. ഇതിന് പുറമെ മികച്ച പുതിയ ആർട്ടിസ്റ്റിനുള്ള നാമനിർദ്ദേശവും അരൂജിന് ലഭിച്ചു. ഗ്രാമിയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഇക്കാര്യം ട്വീറ്റ്‌ചെയ്തു.
2005ൽ ബെർക്ലീ കോളജ് ഓഫ് മ്യൂസിക്കിൽ സംഗീതം പഠിക്കാനായാണ് അരൂജ് അഫ്താബ് യുഎസിലേക്ക് പോയത്. മ്യൂസിക്കൽ പ്രൊഡക്ഷനും എഞ്ചിനീയറിംഗും പഠിക്കുന്നതിനായി ബോസ്റ്റണിലേക്ക് പോയത്. ലാഹോറിലാണ് അരൂജ് കൗമാരക്കാലം ചെലവഴിച്ചത്. 2014ൽ അവർ തന്റെ ആദ്യ ആൽബം 'ബേർഡ് അണ്ടർ വാട്ടർ' പുറത്തിറക്കി. അരൂജിന്റെ 'മുഹബത്ത്' ഗാനം മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വാർഷിക വേനൽക്കാല പ്ലേലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
37 കാരിയായ അരൂജിന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ 'വുൾച്ചർ പ്രിൻസ്' ഏറെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ലിങ്കൺ സെന്റർ, മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയുൾപ്പെടെ ന്യൂയോർക്കിലെ നിരവധി പ്രധാന വേദികളിൽ അരൂജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 'സന്തോഷം കൊണ്ട് ഞാൻ തളർന്നുപോകുന്നു. എല്ലാവർക്കും ഒരുപാട് നന്ദി'; അവാർഡ് ഏറ്റുവാങ്ങിയ ശേഷം അരൂജ് പ്രതികരിച്ചു.