ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണം: അഭിഭാഷക സംഘടന
ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ജോയിൻ്റ് ജനറൽ സെക്രട്ടറി കൂടിയാണ് ഖോക്കോൺ
ധാക്ക: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്ത് സ്വദേശത്ത് തിരിച്ചയക്കണമെന്ന് അഭിഭാഷകരുടെ സംഘടനയായ സുപ്രിം കോടതി ബാർ അസോസിയേഷൻ ഓഫ് ബംഗ്ലാദേശ് (എസ്‌സിബിഎ). ബംഗ്ലാദേശിൽ ഹസീന നിരവധി ആളുകളെ കൊല ചെയ്തതായി എസ്‌സിബിഎ പ്രസിഡൻ്റ് എ.എം മഹ്ബൂബ് ഉദ്ദീൻ ഖോക്കോൺ ആരോപിച്ചു.
ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ജോയിൻ്റ് ജനറൽ സെക്രട്ടറി കൂടിയാണ് ഖോക്കോൺ. "ഇന്ത്യയിലെ ജനങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യം വിട്ട ശൈഖ് ഹസീനയെയും ശൈഖ് രെഹ്നയെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുക.ഹസീന ബംഗ്ലാദേശിൽ നിരവധി ആളുകളെ കൊന്നിട്ടുണ്ട്'' ഖോക്കോണിന്‍റെ വാക്കുകളെ ഉദ്ധരിച്ച് ദി ഡെയ്‍ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹസീനക്കൊപ്പം സഹോദരി രെഹ്നയും രാജ്യം വിട്ടോടിയിരുന്നു.
അടിയന്തരാവസ്ഥയിൽ ജീവിക്കാനല്ല സമരം നടത്തിയതെന്നും ഖോക്കോണ്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയാൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നുണ്ട്. മൊയീൻ യു അഹമ്മദിനെയും ഫക്രുദ്ദീൻ അഹമ്മദിനെയും പോലെയുള്ള ഒരു സർക്കാരിനെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.വിദ്യാർഥികളടക്കം ആരും അടിയന്തരാവസ്ഥ ആഗ്രഹിക്കുന്നില്ല. അവർ അത് അംഗീകരിക്കില്ല. എന്തെങ്കിലും നീക്കം നടക്കുകയാണെങ്കില്‍ പ്രതിഷേധിക്കും'' ഖോക്കോണ്‍ പറഞ്ഞു. രാഷ്ട്രീയപരമായി പ്രവർത്തിച്ച ജഡ്ജിമാരോട് രാജിവയ്ക്കാന്‍ ഖോക്കോണ്‍ ആഹ്വാനം ചെയ്തതായി പത്രം റിപ്പോർട്ട് ചെയ്തു. അവർ ബിഎൻപിയോട് പക്ഷപാതം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“പല ജഡ്ജിമാരും ബിഎൻപിക്കാരെ റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയും കള്ളക്കേസുകളിൽ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അവാമി ലീഗ് നേതാവ് മൊഫസൽ ഹുസൈനെ ഹൈക്കോടതി ജഡ്ജിമാർ കുറ്റവിമുക്തനാക്കി. ബിഎൻപി നേതാക്കളായ ഇഖ്ബാൽ ഹസൻ മഹ്മൂദ് ടുകു, അമൻ ഉള്ളാ അമൻ എന്നിവർ സമാനമായ കേസുകളിൽ ജയിലിലായിരുന്നു. രാഷ്ട്രീയപരമായി വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് ജഡ്ജിമാരായി തുടരാന്‍ യോഗ്യതയില്ല. ഒരാഴ്ചക്കുള്ളില്‍ രാജിവയ്ക്കാന്‍ അവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ അവരുടെ പേരുകൾ വെളിപ്പെടുത്തും'' ഖോക്കോണ്‍ പറഞ്ഞു.
ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനു പിന്നാലെ തിങ്കളാഴ്ചയാണ് ശൈഖ് ഹസീന ഇന്ത്യയിലെത്തിയത്. യുപി ഗാസിയാബാദിലെ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഹിന്‍ഡന്‍ എയര്‍ബേസിലാണ് ഹസീന തങ്ങുന്നത്. അതിനിടെ ഹസീനക്ക് അഭയം നല്‍കാന്‍ യു.കെ തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയ കേന്ദ്രത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കും. ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിച്ചത്. മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രക്ഷോഭം ആരംഭിച്ചത് സംവരണനിയമത്തിനെതിരെയാണെങ്കിലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറിയിട്ടുണ്ട്.