ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അന്തിയുറങ്ങി യുക്രേനിയക്കാര്‍; കൂട്ടപ്പലായനം തുടരുന്നു, വീഡിയോ
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആളുകള്‍ പലായനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു
യുക്രൈനില്‍ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം വീടു വിട്ടിറങ്ങിയ യുക്രേനിയക്കാര്‍ ബങ്കറുകളിലും സബ്‍വേ സ്റ്റേഷനുകളിലുമാണ് അഭയം പ്രാപിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആളുകള്‍ പലായനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.
റഷ്യൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പട്ടാളനിയമം ഏർപ്പെടുത്തിയതിനാൽ കിയവിലെ ആളുകൾ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്ക് പോകുന്നത് കണ്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. പല മെട്രോ സ്‌റ്റേഷനുകളും സ്ലീപ്പിംഗ് ബാഗുകളും പുതപ്പുകളും വളര്‍ത്തുനായകളും കൊണ്ട് നിറഞ്ഞിരുന്നു. സബ്‍വേ സ്റ്റേഷനുകള്‍ ബങ്കറുകളായി മാറുന്ന കാഴ്ചയാണ് കിയവില്‍ കണ്ടുവരുന്നത്. റഷ്യൻ അധിനിവേശമുണ്ടായാൽ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ ജനങ്ങൾക്ക് അഭയം നൽകാൻ നഗരം തയ്യാറായിട്ടുണ്ടെന്ന് ഈ മാസം ആദ്യം, കൈവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് പോലുള്ള നഗരങ്ങളിലെ സബ്‌വേ സ്റ്റേഷനുകളിലും ആളുകൾ അഭയം പ്രാപിക്കുന്നുണ്ട്. ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനാല്‍ കിയവില്‍ നിന്നും പുറത്തേക്കുള്ള റോഡുകള്‍ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
എടിഎമ്മുകള്‍ക്കു മുന്നിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും ആളുകളുടെ നീണ്ട ക്യൂ ദൃശ്യമാണ്. കിഴക്കൻ യുക്രൈനിലെ സംഘർഷം മുമ്പ് ബാധിക്കാതിരുന്ന കിയവ് പോലുള്ള നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം മിസൈലുകളും ഷെല്ലാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. സൈനികരടക്കം നൂറിലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യക്ക് തിരിച്ചടി നൽകിയെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു. ചെർണോബിൽ ആണവനിലയം ഉൾപ്പെടുന്ന മേഖലയും റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന്‍റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈൻ സൈന്യത്തെ ബന്ധികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കിയവിലേക്ക് കൂടുതൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ യുക്രൈനിലെ സൈനികനടപടിയുടെ ആദ്യദിനം വിജയകരമെന്നും ലക്ഷ്യം നിർവഹിച്ചെന്നും റഷ്യൻ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്‍റെ വിശദീകരണം. എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരൻമാർ പാലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്.