വിമാന ദുരന്തം; പോഖറയിൽ തിരച്ചിൽ നടപടികൾ ഇന്ന് പുനരാരംഭിക്കും
ഇതുവരെ 68 പേരുടെ മൃതദേഹം കണ്ടെടുത്തു.നാലു പേരെ കൂടി ഇനി കണ്ടെത്താനുണ്ട്
കാഠ്മണ്ഡു: നേപ്പാളിൽ വൻ വിമാനദുരന്തമുണ്ടായ പോഖറയിൽ തിരച്ചിൽ നടപടികൾ ഇന്ന് പുനരാരംഭിക്കും. ഇതുവരെ 68 പേരുടെ മൃതദേഹം കണ്ടെടുത്തു.നാലു പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഇന്നലെ രാത്രി തിരച്ചിൽ നടപടികൾ നിർത്തി വെച്ചത്. ഇന്ന് രാവിലെയോടെ തെരച്ചിൽ പുനരാരംഭിക്കും എന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വിമാനം പൂർണമായും കത്തി നശിച്ചതിനാൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ലഭിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും എന്നാണ് സൂചന. 68 യാത്രക്കാരിൽ 5 പേർ ഇന്ത്യക്കാരാണ്. സർക്കാരുമായി ആശയവിനിമയം തുടരുകയാണെന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ ശങ്കർ പി ശർമ അറിയിച്ചു. അപകട കാരണം കണ്ടെത്താൻ നേപ്പാൾ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. സാങ്കേതിക തകരാർ ഒന്നും ഉള്ളതായി പൈലറ്റിൽ നിന്ന് വിവരം ലഭിച്ചില്ല എന്നാൽ വിമാനത്താവള അധികൃതർ പറയുന്നത്. നേപ്പാളിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്‍റെ വിമാനം പോഖറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്‍റിംഗിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളിൽ വിമാനം അപകടത്തിൽ പെടുന്നത്.