പൂച്ചയുടെ അസുഖം മാറ്റാൻ കോവിഡ് 19 മരുന്ന്; ചൈനയിൽ ചർച്ചയായി 'ലാഗെവ്രിയോ'

നിരവധി പേരാണ് ഈ മരുന്ന് അവരുടെ വളർത്തുപൂച്ചയെ എങ്ങനെ രക്ഷിച്ചുവെന്ന് ചർച്ച ചെയ്യുന്നത്

Update: 2025-01-04 12:57 GMT
Advertising

ബെയ്ജിങ്: 'മെർക്ക് & കോ'യുടെ കോവിഡ്-19 ആന്റിവൈറലുകൾ ചൈനയിൽ വീണ്ടും സജീവ ചർച്ചയാകുന്നു. കൊറോണയുടെ വ്യാപനമോ പുതിയ വൈറസിൻ്റെ വ്യാപനമോ ഒന്നുമല്ല കാരണം. മനുഷ്യന് നൽകുന്ന ഈ മരുന്ന് പൂച്ചകൾക്കാണ് അവയുടെ ഉടമകൾ നൽകുന്നത്. പൂച്ചകളെ ബാധിക്കുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിനുള്ള മറുമരുന്നായാണ് ഉപയോ​ഗം. ഇതാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.

പൂച്ചകളെ ബാധിക്കുന്ന ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് ചികിത്സിക്കാനായാണ് ആളുകൾ മെർക്കിൻ്റെ 'ലാഗെവ്രിയോ' എന്ന മരുന്ന് ഉപയോ​ഗിക്കുന്നത്. പൂച്ചകളെ ബാധിക്കുന്ന എളുപ്പത്തിൽ ചികിത്സ ലഭ്യമല്ലാത്ത മാരകമായ രോഗമാണിത്. പ്രാദേശിക മാധ്യമമായ ജിമിയൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡിനെതിരെയുള്ള ആദ്യ ആൻ്റിവൈറൽ ​ഗുളികയായിരുന്നു ഇത്. ബ്രിട്ടണാണ് മരുന്നിന് ആദ്യമായി അം​ഗീകാരം നൽകിയത്.

ഇൻസ്റ്റ​ഗ്രാമിൻ്റെ ചൈനീസ് പതിപ്പായ 'സിയാവോഹോങ്‌ഷു'വിൽ വളർത്തുമൃഗ പ്രേമികളുടെ ചൂടുള്ള ചർച്ചയാണ് ഈ വിഷയം. നിരവധി പേരാണ് ഈ മരുന്ന് അവരുടെ വളർത്തുപൂച്ചയെ എങ്ങനെ രക്ഷിച്ചുവെന്ന് ചർച്ച ചെയ്യുന്നത്. 'മനുഷ്യർക്കുള്ള കോവിഡ്-19 മരുന്നുകൾ എന്റെ പൂച്ചയുടെ ജീവൻ രക്ഷിച്ചു.' എന്നാണ് ഒരു യൂസർ സിയാവോഹോങ്‌ഷുവിൽ കുറിച്ചത്. മെർക്കിൻ്റേതിനു പുറമേ തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത സമാന മരുന്നുകളും ആളുകൾ ഇതിനുപിന്നാലെ ഉപയോ​ഗിക്കുന്നുണ്ട്.

പൂച്ചകളെ ബാധിക്കുന്ന കൊറോണ വൈറസ് വകഭേദമാണ് ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ്. വെളുത്ത രക്താണുക്കളെയാണ് വൈറസ് ആദ്യം ബാധിക്കുക. ചികിത്സ നൽകിയില്ലെങ്കിൽ ഈ രോ​ഗം മാരകമാണ്. എന്നാൽ മനുഷ്യരിലേക്കോ മറ്റു വളർത്തു മൃ​ഗങ്ങളിലേക്കോ ഇത് പകരില്ല.

അടുത്ത കാലം വരെ ഇതിന് പ്രത്യേക ചികിത്സയൊന്നും ലഭ്യമായിരുന്നില്ല. ചില ആൻ്റിവൈറൽ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവ വ്യാപകമായി ലഭ്യമല്ല. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത GS-441524ക്ക് അം​ഗീകാരം ലഭിക്കാത്തതിനാൽ അവ ബ്ലാക്ക് മാർക്കറ്റ് വഴി ആളുകൾ വാങ്ങിയിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News