ചീര കഴിച്ച് ദേഹാസ്വാസ്ഥ്യം; ആസ്‌ത്രേലിയയിൽ വിവിധയിടങ്ങളിലായി നിരവധിപേർ ആശുപത്രിയിൽ

ചീര വിതരണം ചെയ്ത കമ്പനിയുടെ എല്ലാ സ്റ്റോക്കുകളും പിൻവലിക്കാൻ അധികൃർ നിർദേശം നൽകി

Update: 2022-12-17 14:12 GMT
Advertising

ആസ്‌ത്രേലിയയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചീര വാങ്ങിച്ച് കഴിച്ച് നിരവധിപേർ ആശുപത്രിയിൽ. ചീര കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്ടോറിയയിൽ എട്ട് പേർക്കും ന്യൂ സൗത്ത് വെയിൽസിൽ 47 പേർക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ന്യൂ സൗത്ത് വെയിൽസിലെ കോസ്റ്റ് കോ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ലഹരി വസ്തുക്കൾ കഴിച്ചാലുണ്ടാവുന്ന തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇവരിൽ കാണുന്നതെന്ന് ഡോക്ടർമാർ വിശദീകരിച്ചു.

സംഭവത്തിൽ ചീര വിതരണം ചെയ്ത കമ്പനിയുടെ എല്ലാ സ്റ്റോക്കുകളും പിൻവലിക്കാൻ അധികൃർ നിർദേശം നൽകി. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്യൂൻസ്ലാന്റ്, നോർത്തേൺ ടെറിട്ടറി, സൗത്ത് ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ നിന്നെല്ലാം ചീര പിൻവലിച്ചു. ചീര കഴിച്ചവരിൽ പനി, കാഴ്ച മങ്ങൽ, മാനസിക വിഭ്രാന്തി തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സ്റ്റോക്കുകൾ പിൻവലിച്ചത്.

എന്നാൽ ഈ പായ്ക്കറ്റുകളിൽ മറ്റേതെങ്കിലും ചെടിയുടെ ഇല ഉൾപെട്ടിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് അധികൃതർ. ചീര വാങ്ങിയവർ ഇത്തരത്തിൽ മറ്റു ഇലകളുള്ളതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അറിയിക്കണമെന്നും ചീരയുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും അരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃർ വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News