'ഒട്ടും താമസിക്കരുത്; ഉടന്‍ ഫ്രാന്‍സ് വിട്ട് ഇസ്രായേലിലേക്ക് കുടിയേറുക'; ഫ്രഞ്ച് ജൂതന്മാരോട് മുന്‍ ഇസ്രായേല്‍ മന്ത്രി

ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള അംഗീകാരം ഇടതു സഖ്യമായ ന്യൂ പീപ്പിള്‍സ് ഫ്രണ്ടിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു

Update: 2024-07-09 09:51 GMT
Editor : Shaheer | By : Web Desk
Advertising

തെല്‍അവീവ്: ഫ്രഞ്ച് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പരസ്യമാക്കി മുന്‍ ഇസ്രായേല്‍ മന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയായ യിസ്രായേല്‍ ബെയ്‌തെനു നേതാവുമായ അവിഗ്‌ദോര്‍ ലിബര്‍മാന്‍. ഫ്രാന്‍സിലുള്ള ജൂതന്മാരോടെല്ലാം ഒട്ടും താമസിയാതെ ഇസ്രായേലിലേക്കു കുടിയേറാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ലിബര്‍മാന്‍. തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് മരിന്‍ ലൂ പെന്നിന്റെ നാഷനല്‍ റാലി വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഇടതു സഖ്യമായ ന്യൂ പീപ്പിള്‍സ് ഫ്രണ്ടാണ്(എന്‍.എഫ്.പി) വന്‍ വിജയവുമായി എല്ലാവരെയും ഞെട്ടിച്ചത്.

ഒട്ടും വൈകാതെ ഫ്രാന്‍സ് വിട്ട് ഇസ്രായേലിലേക്കു കുടിയേറണമെന്നാണ് മുഴുവന്‍ ഫ്രഞ്ച് ജൂതന്മാരോടും ആഹ്വാനം ചെയ്യാനുള്ളതെന്ന് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ലിബര്‍മാന്‍ പറഞ്ഞു. ന്യൂ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ഴാങ് ലൂക് മെലെന്‍ഷണ്‍ ജൂതന്മാര്‍ക്കും ഇസ്രായേലിനുമെതിരായ പ്രസ്താവനകള്‍ക്കു പേരുകേട്ടയാളാണ്. തനി സെമിറ്റിക് വിരുദ്ധത കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. ഇസ്രായേലിനോട് കടുത്ത വിദ്വേഷവും പുലര്‍ത്തുന്ന പാര്‍ട്ടിയാണിതെന്നും ലിബര്‍മാന്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നത് എന്‍.എഫ്.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗഡും പാര്‍ട്ടി നേതാവ് മെലെന്‍ഷണും. സഖ്യത്തിന്റെ മുന്നേറ്റത്തിനു പിന്നാലെ ഫലസ്തീന്‍ പതാക ഉയര്‍ത്തി നടന്ന വിജയാഘോഷത്തിനെതിരെ ഇസ്രായേല്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

വോട്ടെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍സെംബിള്‍ സഖ്യത്തെയും പിറകിലാക്കിയാണ് എന്‍.എഫ്.പിയുടെ മുന്നേറ്റം. 188 സീറ്റാണ് സഖ്യം നേടിയത്. എന്‍സെംബിളിനു ലഭിച്ചത് 161 സീറ്റും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലി 142 സീറ്റുമായി മൂന്നാം സ്ഥാനത്തുമായി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ശേഷമായിരുന്നു നാഷനല്‍ റാലിക്ക് തിരിച്ചടിയേറ്റത്.

Summary: Former Israel minister Avigdor Liberman urges French Jews to flee to Israel after left-wing victory

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News