'റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നത്'; അസർബൈജാൻ പ്രസിഡൻ്റ് ഇല്‍ഹാം അലിയേവ്

'കുറ്റം സമ്മതിച്ച് റഷ്യ മാപ്പ് പറയണം'

Update: 2024-12-29 15:27 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ബാകു: റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസർബൈജാൻ എയര്‍ലൈന്‍സ് വിമാനം കസാഖിസ്​ഥാനിൽ തകര്‍ന്നുവീണതെന്ന് അസർബൈജാൻ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും കുറ്റം സമ്മതിച്ച് റഷ്യ മാപ്പ് പറയണമെന്നും ഇല്‍ഹാം അലിയേവ് പറഞ്ഞു.

'തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിച്ച് വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചു. ദുരന്തത്തില്‍ റഷ്യയ്ക്കുള്ള പങ്ക് മറച്ചുവെയ്ക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചത്. സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബൈജാനോട് കുറ്റം സമ്മതിച്ച് മാപ്പ് പറയുകയും പൊതുജനങ്ങളെ യഥാര്‍ത്ഥ സത്യം അറിയിക്കുകയുമായിരുന്നു ദുരന്തത്തിന് പിന്നാലെ റഷ്യ ചെയ്യേണ്ടിയിരുന്നത്'- ഇല്‍ഹാം അലിയേവ് പറഞ്ഞു.

സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ക്ഷമാപണം നടത്തിയതിന് പിന്നാലെയായിരുന്നു അസർബൈജാൻ പ്രസിഡൻ്റിന്റെ പ്രതികരണം. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞിരുന്നു. ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവര്‍ക്ക് വേഗം സുഖം പാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേ​ഹം സമ്മതിച്ചിരുന്നില്ല

'ഷെഡ്യൂള്‍ അനുസരിച്ച് യാത്ര ചെയ്തിരുന്ന അസർബൈജാനി പാസഞ്ചര്‍ വിമാനം ഗ്രോസ്നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഗ്രോസ്നി, മോസ്ഡോക്ക്, വ്ളാഡികാവ്കാസ് എന്നീ വിമാനത്താവളങ്ങൾ യുക്രൈന്റെ ഡ്രോണുകൾക്ക്‌ ഇരയായി കൊണ്ടിരിക്കുകയായിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇത് ചെറുക്കാനുള്ള ശ്രമത്തിലായിരുന്നു' എന്നാണ് ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

ക്രിസ്‌മസ് ദിനത്തിലായിരുന്നു അസർബൈജാൻ എയർലൈൻസിന്റെ ജെ2-8243 വിമാനം തകർന്നുവീണത്. കസാഖിസ്​ഥാനിലെ അക്താവുവിനടുത്താണ് അപകടമുണ്ടായത്. 67 യാത്രക്കാരുമായി അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിലേക്കായിരുന്നു വിമാനം യാത്ര തിരിച്ചത്. സംഭവത്തിൽ 38 പേരാണ് മരിച്ചത്. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News