ബംഗ്ലാദേശിൽ ചരക്കുകപ്പലിടിച്ച് ബോട്ട് മുങ്ങി; അഞ്ച് മരണം, നിരവധിപേരെ കാണാതായി- വീഡിയോ

ബോട്ടിൽ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.

Update: 2022-03-21 09:25 GMT
Advertising

ബംഗ്ലാദേശില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് മരണം. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവം. എം.വി. രൂപ്ഷി-9 എന്ന ചരക്കു കപ്പലാണ് എം.വി. അഫ്‌സറുദ്ദീന്‍ എന്ന ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ നിരവധിപേരെ കാണാതായതായി ബംഗ്ലാദേശ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നിറയെ യാത്രക്കാരുണ്ടായിരുന്ന ബോട്ടിലേക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍, ബോട്ടിനെ തള്ളിക്കൊണ്ട് നദിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. ബോട്ട് ക്രമേണ വെള്ളത്തില്‍ മുങ്ങുന്നതും വീഡിയോയില്‍ കാണാം. ജീവന്‍ രക്ഷിക്കാന്‍ ചില യാത്രക്കാര്‍ ബോട്ടില്‍ നിന്ന് നദിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. ബോട്ട് പൂര്‍ണമായും വെള്ളത്തിനടിയിലായതിന് ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്. 

ബോട്ടില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായാണ് ബംഗ്ലാദേശ് പൊലീസ് ഒദ്യോഗികമായി പുറത്തുവിട്ട വിവരം. നിരവധിപേര്‍ നീന്തി രക്ഷപ്പെട്ടതായും പൊലീസ് ഇന്‍സ്‌പെക്ടര്‍ അസ്‌ലം മിയ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോള്‍ സമീപത്തെ ബോട്ടിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News