‘ഗസ്സ ചാമ്പലാക്കാൻ പണം നൽകുന്നു, ലോസ് ആഞ്ചെലെസിൽ ബജറ്റ് വെട്ടിക്കുറച്ചു’; തീപിടിത്തത്തിൽ അമേരിക്കക്കെതിരെ വിമർശനം
‘നമ്മുടെ രാജ്യം താമസയോഗ്യമാക്കാൻ പണം ചെലവഴിക്കുന്നതിന് പകരം ഫലസ്തീനികളെ വംശഹത്യ ചെയ്യാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു’
കാലിഫോർണിയ: അമേരിക്കയിലെ ലോസ് ആഞ്ചെലെസിൽ കാട്ടുതീ പടർന്ന് വലിയ നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 117 കിലോമീറ്റർ വിസ്തൃതിയിലാണ് തീപിടിത്തമുണ്ടായത്. പത്തുപേർ കൊല്ലപ്പെടുകയും 1.80 ലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തു. ഹോളിവുഡ് നടൻമാരുടേത് ഉൾപ്പെടെ ആയിരക്കണക്കിന് വീടുകളാണ് കത്തിച്ചാമ്പലായത്. അതേസമയം, നിരവധി പേർ ഈ വിഷയത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തുന്നുണ്ട്.
ലോസ് ഏഞ്ചൽസ് കൗണ്ടി അഗ്നിശമന വകുപ്പിനുള്ള ബജറ്റ് 18 മില്യൺ ഡോളർ വെട്ടിക്കുറച്ചതും ഗസ്സയെ ചുട്ടുചാമ്പലാക്കാൻ അമേരിക്ക ഇസ്രായേലിന് സാമ്പത്തിക സഹായം നൽകുന്നതും പലരും വിമർശിക്കുന്നു. കഴിഞ്ഞ ആഴ്ച ഇസ്രായേലിന് എട്ട് ബില്യൺ ഡോളറിെൻറ ആയുധങ്ങൾ നൽകുമെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
‘ലോസ് ഏഞ്ചൽസ് അഗ്നിശമന വകുപ്പിനുള്ള ബജറ്റിൽ 17.6 മില്യൺ ഡോളറിെൻറ കുറവാണ് വരുത്തിയത്. ഇസ്രായേലിന് ഇതിനകം 23 ബില്യൺ ഡോളറിെൻറ വർധന ലഭിച്ചു. ഇനിയും എട്ട് ബില്യൺ കൂടി ലഭിക്കും’ -ഫലസ്തീനിയൻ ജേണലിസ്റ്റ് അഹമ്മദ് എൽദിൻ ‘എക്സി’ൽ കുറിച്ചു.
കാട്ടുതീയിൽ വീട് നഷ്ടപ്പെട്ടവരിൽ പ്രമുഖരിൽ ഒരാളാണ് ഹോളിവുഡ് നടനായ ജെയിംസ് വുഡ്സ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ വലിയ രീതിയിൽ പിന്തുണ നൽകിയിരുന്ന വ്യക്തിയാണ് അദ്ദേഹം. ‘വെടിനിർത്തൽ ഇല്ല, വിട്ടുവീഴ്ചയില്ല, മാപ്പ് കൊടുക്കുകയുമില്ല, എല്ലാവരെയും കൊല്ലണം’ -എന്ന് അദ്ദേഹം ഒരിക്കൽ ‘എക്സി’ൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്.
ലോസ് ആഞ്ചെലെസിനും പുറത്തുമുള്ള നിരപരാധികളായ ജനങ്ങളെ ദൈവം രക്ഷിക്കട്ടെയെന്ന് പ്രാർഥിക്കുകയാണെന്ന് ജെയിസ് വുഡ്സിനുണ്ടായ നഷ്ടത്തിൽ പ്രതികരിച്ച് കൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇമാം ഒമർ സുലൈമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘എന്നാൽ ഇത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. ഗസ്സയിലെ ജനങ്ങൾ അധികാര ഭവനങ്ങളിലെ ക്രൂരൻമാരാൽ കൊല ചെയ്യപ്പെടുകയാണ്. തങ്ങളുടെ മാളികകളിൽ അജയ്യനാണെന്ന് തോന്നുന്ന ക്രൂരൻമാരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്’ -ഒമർ സുലൈമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ലക്ഷക്കണക്കിന് ടൺ ബോംബുകൾ ഗാസയിൽ വർഷിക്കുകയും അത് ഒരു ജ്വലിക്കുന്ന നരകത്തീയായി മാറുകയും ചെയ്യുന്നത് നമ്മുടെ ധാർമ്മിക അപലപനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ നമ്മളെയെല്ലാം തേടിയെത്തും’ -ന്യൂയോർക്കിലെ ആക്റ്റിവിസ്റ്റായ ഫാത്തിമ മുഹമ്മദ് ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
‘ഗസ്സയിൽ ആളുകളെ ജീവനോടെ ചുട്ടെരിക്കാൻ യുഎസ് നികുതികൾ ഉപയോഗിക്കുമ്പോൾ, ആ തീപിടിത്തങ്ങൾ നമ്മുടെ നാട്ടിലേക്ക് വരുമ്പോൾ നമ്മൾ അതിശയപ്പെടില്ല’ -ഇടതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ് ‘കോഡ് പിങ്ക്’ വ്യക്തമാക്കി.
‘നമ്മുടെ രാജ്യം താമസയോഗ്യമാക്കാൻ പണം ചെലവഴിക്കുന്നതിന് പകരം ഗസ്സയിലെ ഫലസ്തീനികളെ ഇസ്രായേൽ വംശഹത്യ ചെയ്യാൻ നമ്മുടെ സർക്കാർ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു’ -ജ്യൂയിഷ് വോയ്സ് ഫോർ പീസിെൻറ ന്യൂയോർക്ക് ശാഖ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
‘ലോസ് ആഞ്ചെലെസ് അധികൃതരാണ് അഗ്നിശമന വകുപ്പിന് പ്രധാനമായും ധനസഹായം നൽകുന്നത്, അതേസമയം ഇസ്രായേലിനുള്ള സൈനിക ചെലവ് ഫെഡറൽ സർക്കാരിൽനിന്നാണ്’ -കമന്റേറ്റർ മെഹ്ദി ഹസൻ വിമർശിച്ചു.