ലൊസാഞ്ചൽസിനെ വിഴുങ്ങി കാട്ടുതീ; ബൈഡൻ ഭരണകൂടത്തെ വിമർശിച്ച് ട്രംപ്
ഓസ്‌കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഹോളിവുഡ് ഹിൽസിനും തീപിടിത്ത ഭീഷണിയുണ്ട്
വാഷിങ്ടൺ: അമേരിക്കയിലെ ലോസാഞ്ചൽസിൽ നിയന്ത്രണാതീതമായ കാട്ടുതീയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് വീടുകൾ നശിച്ചു, ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നതായാണ് റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു. ഏകദേശം 28,000 ഏക്കർ വിസ്തൃതിയുള്ള ഒരു വിശാലമായ പ്രദേശത്താണ് തീ പടർന്നത്.
ഓസ്‌കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഹോളിവുഡ് ഹിൽസിനും തീപിടിത്ത ഭീഷണിയുണ്ട്. തുടരുന്ന കാട്ടുതീയുടെ ആഘാതത്തെക്കുറിച്ച് വ്യാഴാഴ്ച രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വിശദീകരണം നൽകിയതായും ഫെഡറൽ പ്രതികരണം ചർച്ച ചെയ്യാൻ നാളെ ഉച്ചകഴിഞ്ഞ് ഉന്നത ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. നാസയുടെ റോബോട്ടിങ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും കാട്ടുതീ ഭീഷണി നേരിടുന്നുണ്ട്.
ലോസാഞ്ചൽസിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളിൽ ഉണ്ടായ ഇരട്ട കാട്ടുതീ വ്യാഴാഴ്ച പുലർച്ചെ ആളിപ്പടരുകയായിരുന്നു. ലോസാഞ്ചൽസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീയാണിതെന്ന് പറയപ്പെടുന്നു. ഹോളിവുഡ് ബൊളിവാർഡിനെ അഭിമുഖീകരിക്കുന്ന കുന്നുകളിൽ കത്തുന്ന ചെറിയ തീപിടുത്തം നിയന്ത്രിച്ചതായി അഗ്നിശമനാ സേന അറിയിച്ചു. തീജ്വാലകൾ ആളിക്കത്തുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. അഗ്നിബാധയെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജാമി ലീ കർട്ടിസ്, മാർക്ക് ഹാമിൽ തുടങ്ങിയ സെലിബ്രിറ്റികൾ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിൽ വ്യാപകമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് വിലമതിക്കുന്ന വീടുകളും സ്വത്തുക്കളും തീപിടുത്തത്തിൽ കത്തി നശിച്ചു. ഏകദേശം പത്ത് ലക്ഷം വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. സാധാരണക്കാരും ഉന്നത വ്യക്തികളും ഉൾപ്പെടെ നിരവധി പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്.
അതേസമയം, വിനാശകരമായ കാട്ടുതീ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനു പ്രസിഡന്റ് ജോ ബൈഡനെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. കാട്ടുതീ പ്രതിസന്ധിയെ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ബൈഡൻ ഭരണകൂടം ഒരുക്കിയില്ലെന്നാണ് ട്രംപിന്റെ വിമർശനം.