ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു
ബുധനാഴ്ച വൈകീട്ട് അക്രമാസക്തരായ ആൾക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ധാക്ക, തുറമുഖ നഗരമായ ചിറ്റഗോങ് എന്നിവിടങ്ങളിലും ക്ഷേത്രങ്ങൾക്ക് നേരെ അക്രമമുണ്ടായി.
ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തുടരുന്നു. കലാപത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരെയും അതിക്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പൊലീസ് പറഞ്ഞു. ദുർഗാപ്രതിഷ്ഠക്ക് മുന്നിൽ ഖുർആൻ വെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
ക്ഷുഭിതരായ അക്രമിസംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. രണ്ട് ഹിന്ദുക്കളടക്കം ആറുപേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
10 ദിവസം നീണ്ടുനിൽക്കുന്ന ദുർഗാപൂജ ഉത്സവത്തിന്റെ അവസാന ചടങ്ങുകൾ നടത്താൻ ഹിന്ദു സമുദായാംഗങ്ങൾ തയ്യാറെടുക്കുന്ന തെക്കൻ പട്ടണമായ ബീഗംഗഞ്ചിൽ ക്ഷേത്ര സമിതിയിലെ ഒരു എക്‌സിക്യൂട്ടീവ് അംഗത്തെ ഇരുനൂറിലധികം വരുന്ന അക്രമികൾ മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിനരികിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവ് ഷാഹിദുൽ ഇസ്‌ലാം എ.എഫ്.പിയോട് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്-അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് അക്രമാസക്തരായ ആൾക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ധാക്ക, തുറമുഖ നഗരമായ ചിറ്റഗോങ് എന്നിവിടങ്ങളിലും ക്ഷേത്രങ്ങൾക്ക് നേരെ അക്രമമുണ്ടായി. ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ നേരിടുന്നത്. സംഘർഷം വ്യാപിക്കാതിരിക്കാൻ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചിട്ടുണ്ട്.