ബംഗ്ലാദേശില്‍ നാടകീയ നീക്കങ്ങള്‍; പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു

സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും റിപ്പോര്‍ട്ട്

Update: 2024-08-05 09:43 GMT
Editor : Lissy P | By : Web Desk
Advertising

ധാക്ക: സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശിൽ നാടകീയ നീക്കങ്ങൾ. പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.സൈനിക മേധാവി വക്കർ-ഉസ്-സമാൻ ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ദിനപത്രമായ പ്രതോം അലോ റിപ്പോർട്ട് ചെയ്തു.

അതേസമയം,ഹസീന സഹോദരി രഹാനക്കൊപ്പം ബംഗാളിലേക്ക് കടന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസീനയുടെ ഹെലികോപ്ടർ ബംഗാളിൽ ലാൻഡ് ചെയ്‌തെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി ഉയർന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.കൊല്ലപ്പെട്ടവരിൽ 14 പൊലീസുകാരും ഉൾപ്പെടും.പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് ശൈഖ് ഹസീന പ്രഖ്യാപിച്ചതോടെയാണ് ബംഗ്ലാദേശിൽ കലാപം വീണ്ടും ആളിക്കത്തുന്നത്. പ്രക്ഷോഭത്തെ നേരിടാൻ സുരക്ഷാ സേനയക്കു പുറമെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും സംഘടിച്ചതോടെ എല്ലായിടത്തും നിയന്ത്രണം വിട്ടു. 6 അവാമി ലീഗ് നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സിറാജ്ഗഞ്ചിലെ ഒരു പൊലീസ് സ്റ്റേഷനിലെ വാനിന് തീയിട്ടതോടെയാണ് കൂടുതൽ പൊലീസുകാർ കൊല്ലപ്പെട്ടത്.

1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞമാസം ഇരുന്നൂറിലേറെ പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടിരുന്നു. 

പ്രക്ഷോഭം ആരംഭിച്ചത് സംവരണനിയമത്തിനെതിരെയാണെങ്കിലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറിയിരിക്കുന്നു. ശൈഖ് ഹസീന രാജിവെക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് സമരക്കാർ പറയുന്നു. സമരത്തെ അടിച്ചമർത്താൻ രാജ്യത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News