വൻ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ സർക്കാർ ജോലിയിലെ സംവരണം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രിംകോടതി

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക സംവരണമാണ് വൻ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.

Update: 2024-07-21 11:26 GMT
Advertising

ധാക്ക: രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ ജോലികളിലെ സംവരണം ബംഗ്ലാദേശ് സുപ്രിംകോടതി റദ്ദാക്കി. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് കോടതി ഉത്തരവിട്ടു. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക സംവരണമാണ് വൻ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. രാജ്യവ്യാപകമായ പ്രതിഷേധത്തിൽ 151 പേരാണ് കൊല്ലപ്പെട്ടത്.

നേരത്തെ ഉണ്ടായിരുന്ന ക്വാട്ട സമ്പ്രദായം 2018ൽ ഷെയ്ഖ് ഹസീന സർക്കാർ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തി വച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം കീഴ്ക്കോടതി ആ തീരുമാനം അസാധുവാക്കിയതോടെയാണ് ബംഗ്ലാദേശ് സമീപകാലത്തെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചത്. ഈ ഉത്തരവാണ് സുപ്രിംകോടതി ഞായറാഴ്ച റദ്ദാക്കിയത്. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് തൊഴിൽ സംവരണം ഏർപ്പെടുത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കൾ തൊഴിൽരഹിതരാണ്.

തുടക്കത്തിൽ പ്രക്ഷോഭം നേരിടുന്നതിൽ പരാജയപ്പെട്ട പൊലീസ് പിന്നീട് ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിച്ചത്. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാനായിരുന്നു നിർദേശം. രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ ഉന്നത സ്ഥാപനമായ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ ജൂലൈ ഒന്നിനാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു. ഭരണകക്ഷിയുടെ ക്വാട്ട അനുകൂല വിദ്യാർഥി വിഭാഗത്തിലെ അംഗങ്ങൾ അവാമി ലീഗ് പ്രതിഷേധക്കാരെ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News