'രേഖകളോ പാസ്‌പോർട്ടോ ഇല്ലാതെ ഇന്ത്യയിലേക്ക് കടക്കാം'; ബംഗ്ലാദേശി യൂട്യൂബറുടെ വീഡിയോ വിവാദത്തിൽ

പഴയ വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുകയായിരുന്നു

Update: 2024-07-29 07:22 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എങ്ങനെ കടക്കാമെന്ന ബംഗ്ലാദേശ് യൂട്യൂബറുടെ വീഡിയോ വിവാദത്തിൽ. വിസയോ പാസ്‌പോർട്ടോ രേഖകളോ ഇല്ലാതെ ബംഗ്ലാദേശിൽ നിന്ന് എങ്ങനെ ഇന്ത്യയിലേക്ക് കുടിയേറാമെന്ന് കാണിക്കുന്ന വീഡിയോ ആണ് വിവാദത്തിലായത്. പഴയ വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുകയായിരുന്നു.

'ഡിഎച്ച് ട്രാവലിംഗ് ഇൻഫോ' എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ, സുരക്ഷാ പരിശോധനകൾ മറികടന്ന് ഇന്ത്യയിലേക്ക് അനധികൃതമായി എങ്ങനെ കുടിയേറാമെന്ന് കാണിക്കുന്നത്. ബംഗ്ലാദേശിലെ സിൽഹറ്റ് ഡിവിഷനിലെ സുനംഗഞ്ച് ജില്ലയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ഇന്ത്യയിലേക്ക് ഇതുവഴി അനധികൃതമായി പ്രവേശിക്കാമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ബി.എസ്.എഫ് ഓഫീസർമാർ ഈ വഴിയുണ്ടാകുമെന്നും അതിനടുത്തുള്ള ടണൽ വഴി ഇന്ത്യയിലേക്ക് കടക്കാമെന്നുമാണ് യൂട്യൂബർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് സ്വന്തം റിസ്‌കിലായിരിക്കണമെന്നും യൂട്യൂബർ പറയുന്നുണ്ട്. ഇത്തരത്തിൽ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കുന്നത് ബംഗ്ലാദേശിന്‍റെ പ്രതിച്ഛായ മോശമാക്കുമെന്നും യുവാവ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. എന്നാൽ ഇതോടെ വീഡിയോ വലിയ വിവാദത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇന്ത്യയുടെ അതിർത്തി മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഗൗരവതരമാണെന്നാണ് വീഡിയോ സൂചിപ്പിക്കുന്നതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും കമന്റ്. ഇന്ത്യയിലെ അതിര്‍ത്തി പ്രശ്നം വളരെ ഗൗരവമായി എടുക്കണമെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News