യുദ്ധഭീതിയും ഡ്രോൺ ആക്രമണ ഭീഷണിയും; മകൻ്റെ വിവാഹച്ചടങ്ങുകൾ മാറ്റിവെക്കാനൊരുങ്ങി നെതന്യാഹു
ഇസ്രായേൽ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്
തെൽ അവീവ്: തൻ്റെ മകൻ അവനെറിൻ്റെ വിവാഹചടങ്ങുകൾ മാറ്റിവെക്കാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മേഖലയിൽ തുടരുന്ന യുദ്ധത്തിനും ഡ്രോൺ ഭീഷണികൾക്കും ഇടയിലുള്ള സുരക്ഷാ ആശങ്കകൾ കാരണമാണ് നീക്കം. ഇസ്രായേൽ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
അവെനർ നെതന്യാഹുവിൻ്റെ വിവാഹം നവംബർ 26നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെൽ അവീവിനടുത്തുള്ള ഷാരോൺ മേഖലയിലെ റോണിറ്റ് ഫാമിൽ വച്ചാണ് വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്. റിപ്പോർട്ടിനോട് നെതന്യാഹുവിൻ്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുല്ല ലബനാനിൽനിന്ന് തൊടുത്തുവിട്ട ഡ്രോൺ നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിൽ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. സ്ഫോടനത്തിൽ ബെഡ്റൂമിലെ ജനവാതിലിന്റെ ചില്ലുകൾ പൊട്ടിയിരുന്നു. അതേസമയം, ഉറപ്പുള്ള ഗ്ലാസും മറ്റു സംരക്ഷണവുമുള്ളതിനാൽ റൂമിനകത്തേക്ക് തുളച്ചുകയറാൻ സാധിച്ചില്ല. സംഭവസമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല.
ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലയ്ക്ക് ഇറാൻ പ്രതികാരം ചെയ്യുമെന്ന ഭീതി നിലനിൽക്കെ ഫ്‌ളോറിഡയിൽ കഴിയുന്ന തൻ്റെ മറ്റൊരു മകനായ യായിർ നെതന്യാഹുവിന് കൂടുതൽ സംരക്ഷണമൊരുക്കണമെന്ന് നെതന്യാഹു ഈയിടെ ആവശ്യപ്പെട്ടിരുന്നു. 2023 ഏപ്രിൽ മുതൽ ഫ്‌ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിർ നെതന്യാഹു കഴിയുന്നത്. വിദേശത്തുള്ള ഇസ്രായേലികളുടെ സുരക്ഷാ ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ സംഘം ഷിൻ ബെറ്റിന്റെ സംരക്ഷണത്തിലാണ് യായിർ നെതന്യാഹുവുമുള്ളത്.