‘ഖലിസ്ഥാനികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നിൽ അമിത് ഷാ’; ആരോപണവുമായി കാനഡ
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്
ഒട്ടാവ: കനേഡിയൻ മണ്ണിൽ ഖലിസ്ഥാൻ വാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് ആരോപിച്ച് കനേഡിയൻ സർക്കാർ. ആരോപണം ആദ്യം റിപ്പോർട്ട് ചെയ്തത് വാഷിങ്ടൺ പോസ്റ്റാണ്. താൻ ഇക്കാര്യം പത്രത്തിനോട് പറഞ്ഞതായി കനേഡിയൻ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസൻ പിന്നീട് പാർലമെന്ററി പാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു.
‘ഗൂഢാലോചനക്ക് പിന്നിൽ അമിത് ഷായാണോ എന്ന് മാധ്യമപ്രവർത്തകൻ എന്നെ വിളിച്ച് ചോദിച്ചു. ആ വ്യക്തി തന്നെയാണെന്ന് ഞാൻ സ്ഥിരീകരിച്ചു’ -മോറിസൻ പറഞ്ഞു. അതേസമയം, കൂടുതൽ വിവരങ്ങളോ തെളിവുകളോ നൽകാൻ അദ്ദേഹം തയാറായിട്ടില്ല.
വിഷയത്തിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനും വിദേകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം തേടാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രലായത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ഗൂഢാലോചനയിലെ അമിത് ഷായുടെ ബന്ധത്തെക്കുറിച്ച് നേരത്തേ കാനഡ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സും റിപ്പോർട്ടും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വാദം ദുർബലമാണെന്നും അമിത് ഷായ്ക്കോ ഇന്ത്യൻ സർക്കാരിനോ എന്തെങ്കിലും തലവേദന സൃഷ്ടിക്കുമെന്നോ കരുതുന്നില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു.
സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് ഈ മാസം ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധളം വഷളായതിന് പിന്നാലെയാണ് പുതിയ ആരോപണവും ഉയർന്നിട്ടുള്ളത്.