യുഎൻ അഭയാർഥി ഏജൻസിയെ നിരോധിച്ച് ഇസ്രായേൽ; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ

ആശങ്ക രേഖപ്പടുത്തി യുഎൻ സെക്രട്ടറി ജനറൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കത്തയച്ചു

Update: 2024-10-30 06:48 GMT
Advertising

ജറുസലേം: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിച്ച് ഇസ്രായേൽ. നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് തിങ്കളാഴ്ച ഇസ്രായേൽ പാർലമെൻ്റ് അംഗീകാരം നൽകി. 120 അം​ഗസഭയിൽ 90ലധികം പേരാണ് ബില്ലിനെ അനുകൂലിച്ചത്. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനത്തെ നിരോധനം സാരമായി ബാധിക്കും. പ്രദേശത്തെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ആളുകൾ ഏജൻസിയിൽ നിന്നുള്ള സഹായത്തെയും സേവനങ്ങളെയും ആശ്രയിച്ചാണ് കഴിയുന്നത്.

ഏഴ് പതിറ്റാണ്ടിലേറെയായി ഫലസ്തീൻ അഭയാർഥികൾക്കു അവശ്യ സഹായം നൽകിയ യുഎൻ ഏജൻസിയുടെ നിരോധനം നടപ്പാക്കിയാൽ ഗസ്സയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 90 ദിവസത്തിനകം ആയിരിക്കും നിയമം പ്രാബല്യത്തിൽ വരുക. യുഎസും യുകെയുമുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രായേലിൻ്റെ ഈ നീക്കത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിരോധനം പുനഃപരിശോധിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ ഇസ്രായേലിനോട് ആവശ്യപ്പെട്ടു

സംഭവത്തിൽ ആശങ്ക രേഖപ്പടുത്തി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കത്തയച്ചു. ഈ നീക്കം ഫലസ്തീൻ അഭയാർത്ഥികൾക്ക് വിനാശകരമായിരിക്കുമെന്ന് യുഎൻ മേധാവി പറഞ്ഞു. യുഎൻ ഏജൻസിയെ നിരോധിക്കാനുള്ള ഇസ്രായേലിൻ്റെ തീരുമാനം കൂടുതൽ കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന് യൂനിസെഫ് അഭിപ്രായപ്പെട്ടു. പെട്ടെന്നുള്ള തീരുമാനം കുട്ടികളെ കൊല്ലാൻ ഒരു പുതിയ വഴി കണ്ടെത്തി എന്നാണ് അർഥമാക്കുന്നതെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എൽ‍‍‍ഡെർ പറഞ്ഞു. യുദ്ധത്തിൽ 13,300-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നു. കൃത്യമായ മെഡിക്കൽ സംവിധാനം ഇല്ലാത്തതും ഭക്ഷണ-ജല ദൗർലഭ്യവുമാണ് ഇതിൽ ഭൂരിഭാ​ഗം പേരുടെയും മരണത്തിന് കാരണമെന്നാണ് കണക്കാക്കുന്നത്.

1949 ഡിസംബർ എട്ടിനാണ് യുഎൻആർഡബ്ല്യുഎ രൂപവത്കരിക്കുന്നത്. 2019ലെ കണക്കനുസരിച്ച് 5.6 ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയാർത്ഥികളായി ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 30,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും ഫലസ്തീൻ അഭയാർത്ഥികളാണ്. കൂടാതെ വിദേശികളു​മുണ്ട്.

വിവിധ പ്രദേശങ്ങളിലുള്ള ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഏജൻസിയാണിത്. വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, മാനുഷിക സഹായം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഗസ്സ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനാൻ, സിറിയ എന്നിവിടങ്ങളിലെ ഫലസ്തീൻ അഭയാർഥികൾക്കാണ് ഇവർ സംരക്ഷണമേകുന്നത്.

2023 ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ 19 യുഎൻആർഡബ്ല്യുഎ പ്രവർത്തകർ പങ്കെടുത്തതായാണ് ഇസ്രായേൽ വാദം. ഇസ്രായേലിൻ്റെ അവകാശവാദം യുഎൻ അന്വേഷിക്കുകയും കുറ്റാരോപിതരായ ഒമ്പത് പേരെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങൾ സംഘടനയ്ക്കുള്ള ധനസഹായം നിർത്തിയിരുന്നു. എന്നാൽ പിന്നീട് ഇവ പുനഃസ്ഥാപിച്ചു.

യുദ്ധം ആരംഭിച്ചത് മുതൽ ഏജൻസിക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. കുറഞ്ഞത് 223 ജീവനക്കാർ കൊല്ലപ്പെടുകയും തങ്ങളുടെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിലെ വലതുപക്ഷ തീവ്രവാദികളും യുഎൻആർഡബ്ല്യുഎക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഈസ്റ്റ് ജെറുസലേമിലെ ഏജൻസിയുടെ ആസ്ഥാന മന്ദിരം അക്രമകാരികൾ രണ്ട് തവണ തീയിടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News