ചാക്കുകളിലും ബക്കറ്റുകളിലും നിറയെ പണം; ഭിക്ഷാടക മരിച്ചപ്പോള്‍ സമ്പാദ്യം കണ്ടമ്പരന്ന് നാട്ടുകാര്‍: വീഡിയോ

ഖൈരിയയുടെ സംസ്കാരത്തിനു ശേഷം കുടില്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകളും നാണയത്തുട്ടുകളും കണ്ടെടുത്തത്

Update: 2023-06-12 08:59 GMT
Editor : Jaisy Thomas | By : Web Desk

ഖൈരിയ അലി അബ്ദുൽ ജലീൽ

Advertising

കെയ്റോ: ചാക്കുകളിലും ബക്കറ്റുകളിലുമായി നിറയെ നാണയത്തുട്ടുകള്‍... തെരുവിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഖൈരിയ അലി അബ്ദുൽ ജലീൽ ഒരു കോടീശ്വരിയായിരുന്നുവെന്ന കാര്യം അവരുടെ മരണശേഷമാണ് നാട്ടുകാര്‍ അറിയുന്നത്. ഖൈരിയയുടെ സംസ്കാരത്തിനു ശേഷം കുടില്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകളും നാണയത്തുട്ടുകളും കണ്ടെടുത്തത്.

തെക്കൻ ഈജിപ്തിലെ ക്വീന ഗവർണറേറ്റിലെ ഒരു പട്ടണത്തിലാണ് ഖൈരിയ താമസിച്ചിരുന്നത്. പത്തു ദിവസം മുന്‍പാണ് ഖൈരിയ മരിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് അവരുടെ സംസ്കാരം നടത്തിയത്. ചെലവ് വഹിച്ചതും നാട്ടുകാര്‍ തന്നെ. എന്നാല്‍ സംസ്കാരത്തിനു ശേഷം ഖൈരിയയുടെ കുടില്‍ സഹോദരങ്ങളും പ്രദേശവാസികളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് എല്ലാവരും ആ സത്യം അറിയുന്നത്. ഖൈരിയ വെറുമൊരു ഭിക്ഷക്കാരി ആയിരുന്നില്ലെന്നും മറിച്ച് ഒരു കോടീശ്വരി ആയിരുന്നുവെന്ന കാര്യം വൈകിയാണ് അവര്‍ക്ക് മനസിലായത്. നിരവധി പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. ഇതിലെല്ലാം നോട്ടുകളും നാണയത്തുട്ടുകളുമായിരുന്നു. തുടര്‍ന്ന് ഇത് എണ്ണിനോക്കിയപ്പോള്‍ പത്തു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടിലധികമുണ്ടായിരുന്നു.

തുടര്‍ന്ന് ഒരു പൗരപ്രമുഖന്‍റെ സാന്നിധ്യത്തില്‍ ഖൈരിയയുടെം മൂന്ന് സഹോദരിമാര്‍ക്കും സഹോദരനും തുല്യമായി വിതരണം ചെയ്യുകയായിരുന്നു. തുലാസില്‍ തൂക്കിയാണ് നാണയത്തുട്ടുകള്‍ വിതരണം ചെയ്തത്. ഭിക്ഷയെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയുടെ കയ്യില്‍ എങ്ങനെ ഇത്രയധികം തുക വന്നുവെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇത്രയും പണം കയ്യിലുണ്ടായിട്ടും ഖൈരിയ നല്ല ഭക്ഷണം കഴിക്കുന്നതോ നല്ല വസ്ത്രം ധരിക്കുന്നതോ ആരും കണ്ടിട്ടില്ലല്ലോ. ഇതില്‍ എന്തോ നിഗൂഢതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News