ലണ്ടനിൽ നിന്ന് മോഷ്ടിച്ച ആഡംബര കാർ കറാച്ചിയിൽ കണ്ടെത്തി
യുകെ ദേശീയ ക്രൈം ഏജൻസിയിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്
ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബെന്‍റ്ലി കാർ പാകിസ്താനിലെ കറാച്ചിയിലെ ബംഗ്ലാവിൽ നിന്ന് കണ്ടെത്തി. മൂന്ന് ലക്ഷം ഡോളറാണ് കാറിന്‍റെ വില. യുകെ ദേശീയ ക്രൈം ഏജൻസിയിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് പാക് കലക്ടറേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
കാറിന്‍റെ ട്രാക്കിങ് സംവിധാനം നീക്കം ചെയ്യാനോ സ്വിച്ച് ഓഫ് ചെയ്യാനോ മോഷ്ടാക്കൾക്ക് സാധിച്ചില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിലെ നൂതന ട്രാക്കിങ് സംവിധാനത്തിലൂടെയാണ് വാഹനത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൾ യു.കെ ക്രൈം ഏജൻസിക്ക് സാധിച്ചത്.
പാക് രജിസ്ട്രേഷനും നമ്പർ പ്ലേറ്റുമാണ് കാറിനുണ്ടായിരുന്നത്. പരിശോധിച്ചപ്പോൾ, യുകെ അധികൃതർ നൽകിയ വാഹനത്തിന്റെ വിശദാംശങ്ങളുമായി കാറിന്റെ നമ്പറിന് പൊരുത്തമുണ്ടെന്ന് കണ്ടെത്തി. മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ കാര്‍ പിടിച്ചെടുത്തു. തനിക്ക് ഒരു ബ്രോക്കറാണ് കാര്‍ വിറ്റതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യൂറോപ്യൻ രാജ്യത്തിലെ ഒരു നയതന്ത്രജ്ഞന്‍റെ രേഖകൾ ഉപയോഗിച്ചാണ് മോഷ്ടാക്കൾ കാർ പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മോഷ്ടിച്ച വാഹനം കടത്തിയതു വഴി കോടികളുടെ നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. റാക്കറ്റിലെ മുഖ്യ സൂത്രധാരന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.