"നാറ്റോയും പടിഞ്ഞാറൻ രാജ്യങ്ങളും ഇടപെടില്ലെന്നാണ് പുടിൻ കരുതുന്നത്, ഇത് തെറ്റിദ്ധാരണ മാത്രം"; റഷ്യക്ക് ബൈഡന്‍റെ മുന്നറിയിപ്പ്

യുക്രൈന് അമേരിക്ക കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന് ബൈഡന്‍

Update: 2022-03-02 03:14 GMT
Advertising

യുക്രൈന് അമേരിക്കയുടെ മുന്നറിയിപ്പ്. നാറ്റോയും പടിഞ്ഞാറൻ രാജ്യങ്ങളും വിഷയത്തില്‍ ഇടപെടില്ലെന്നാണ് പുടിൻ കരുതുന്നത്. ഇത് തെറ്റിദ്ധാരണ മാത്രമാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്ക യുക്രൈൻ ജനതക്കൊപ്പമാണ്. യുക്രൈന് അമേരിക്ക  കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡന്‍ അറിയിച്ചു.   റഷ്യൻ ആക്രമണം പ്രകോപനമില്ലാതെയാണ്. റഷ്യൻ നുണകളെ സത്യം കൊണ്ട് ചെറുക്കുമെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ റഷ്യന്‍ വിമാനങ്ങള്‍ക്ക് യു.എസ് വ്യോമപാതയില്‍ പ്രവേശിക്കുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തി. 

അതേ സമയം വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ഏഴാം ദിവസവും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കി. റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. യുക്രൈന്‍റെ സൈനിക കേന്ദ്രങ്ങളാണ് റഷ്യയുടെ പ്രധാന ലക്ഷ്യം. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ആക്രമണമുണ്ടായി. അതിനിടെ കിയവിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു. ഇതേത്തുടര്‍ന്ന് കിയവിലെ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണവും നിലച്ചു.

ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമര്‍ സെലൻസ്കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ല.ഓരോ യുക്രൈൻ പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലൻസ്കി പറഞ്ഞു.ലോകത്തിന്റെ പല ഭാഗങ്ങളിൽ റഷ്യൻ ആക്രമണത്തിനെതിരെയും സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളുടെ ഭാഗമായി യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തു. യുക്രൈന് കൂടുതൽ പ്രതിരോധ സഹായം ആവശ്യപ്പെട്ട് സെലൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു.എത്രയും പെട്ടന്ന് റഷ്യയെ തടയണമെന്ന് സെലൻസ്കി ജോ ബൈഡനോട് ആവശ്യപ്പെട്ടു.റഷ്യക്കെതിരായ ഉപരോധങ്ങളും സംഭാഷണത്തിൽ ചർച്ചയായി.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News