ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നത്തിനു പരിഹാരം ദ്വിരാഷ്ട്രം മാത്രം: ജോ ബൈഡൻ
ഗസ്സ പുനർനിർമാണത്തിന് യുഎസ് പ്രസിഡന്റ് സഹായം വാഗ്ദാനം ചെയ്തു
ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരം ദ്വിരാഷ്ട്രമാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമാണത്തെ സഹായിക്കുമെന്നും ബൈഡൻ അറിയിച്ചു.
ഫലസ്തീൻ അതോറിറ്റിയുമായി യോജിച്ചായിരിക്കും പ്രദേശത്തേക്കുള്ള സഹായമെത്തിക്കുകയെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ആയുധശേഖരം പുനരാരംഭിക്കാൻ ഹമാസിനു സാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ബൈഡൻ വിശദീകരിച്ചു. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റി ഹമാസുമായി ഇടഞ്ഞുനിൽക്കുന്നവരാണ്. അമേരിക്കയ്ക്കു പുറമെ വിവിധ പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണയും അതോറിറ്റിക്കുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് പാർട്ടി ഇപ്പോഴും ഇസ്രായേലിനു പിന്തുണ തുടരുന്നുണ്ടെന്ന് ബൈഡൻ വ്യക്തമാക്കി. മേഖലയിൽ ഒരു വെടിനിർത്തലുണ്ടാകാനുള്ള പ്രാർത്ഥനയിലായിരുന്നു. ഇസ്രായേലിന് ഒരു സ്വതന്ത്ര ജൂതരാഷ്ട്രമായി നിലനിൽക്കാൻ അവകാശമുണ്ടെന്ന് മേഖലയിലുള്ളവർ ഒറ്റക്കെട്ടായി അംഗീകരിക്കുന്നതുവരെ സമാധാനമുണ്ടാകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ 11ദിന കൂട്ടക്കുരുതിയിൽ തകർന്ന ഗസ്സയുടെ പുനരുദ്ധാരണത്തിന് വർഷങ്ങളെടുക്കുമെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്. ശതകോടികൾ ഇതിനായി ചെലവുവരുമെന്നും ഇവർ കണക്കുകൂട്ടുന്നു.