കാനഡയിലെ വനഭൂമിയുടെ സംരക്ഷണത്തിനായി 76 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ചിപ്പ് വില്‍സണ്‍
ഏകദേശം 5.7 ബില്യൺ ഡോളർ ആസ്തിയുള്ള വില്‍സണ്‍ കാനഡയിലെ 13-ാമത്തെ സമ്പന്നനാണ്
കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വനഭൂമിയുടെ സംരക്ഷണത്തിനായി 76 മില്യണ്‍ യു.എസ് ഡോളര്‍ സംഭാവനയായി നല്‍കി കോടീശ്വരനും വ്യവസായിയും ലുലുലെമോൻ അത്‌ലറ്റിക്കയുടെ സ്ഥാപകനുമായ ചിപ്പ് വിൽസൺ. ഏകദേശം 5.7 ബില്യൺ ഡോളർ ആസ്തിയുള്ള വില്‍സണ്‍ കാനഡയിലെ 13-ാമത്തെ സമ്പന്നനാണ്.
വിൽസൺ കുടുംബത്തിന്‍റെ ജീവകാരുണ്യ സംഘടനയായ വിൽസൺ 5 ഫൗണ്ടേഷൻ മുഖേനയാണ് കനേഡിയൻ പ്രകൃതി സംരക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ തുക സംഭാവന ചെയ്യുന്നത്. പ്രവിശ്യയിൽ പണം എത്രത്തോളം ചെലവാക്കണമെന്ന് കണക്കാക്കിയതിന് ശേഷമാണ് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്ന് ചിപ്പ് വിൽസൺ പറഞ്ഞതായി ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയിടെ കാലാവസ്ഥ വ്യതിയാനത്തിനെ ചെറുക്കാനുള്ള പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ കോടീശ്വരന്‍ യുവോണ്‍ ചനൗര്‍ഡും തന്‍റെ മുഴുവന്‍ കമ്പനിയും സംഭാവന ചെയ്തിരുന്നു. ഔട്ട്‌ഡോർ വസ്ത്രങ്ങളുടെ അമേരിക്കൻ റീട്ടെയ്‌ലർ കമ്പനിയായ പാറ്റഗോണിയയുടെ സ്ഥാപകനാണ് ചനൗര്‍ഡ്.