ഇസ്രായേലിനു വേണ്ടി പി.ആർ യുദ്ധം നയിക്കാൻ 400 കോടി പിരിച്ച് യു.എസ് ശതകോടീശ്വരന്‍

യു.എസ് റിയൽ എസ്‌റ്റേറ്റ് ഭീമൻ ബേരി സ്റ്റേൺലിറ്റ് ആണ് 50 ശതകോടീശ്വരന്മാരെ ലക്ഷ്യമിട്ട് വന്‍ ധനസമാഹരണം നടത്തുന്നത്

Update: 2023-11-12 15:22 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇസ്രായേലിന്റെ പ്രതിച്ഛായ ഉയർത്താൻ മാധ്യമ, പബ്ലിക് റിലേഷൻ കാംപയിനുമായി യു.എസ് ശതകോടീശ്വരന്‍. ഹമാസിനെ ഭീകരവൽക്കരിച്ച് ആഗോള സമൂഹത്തിന്റെ സഹതാപവും വികാരവും ഇസ്രായേലിനൊപ്പം നിർത്തുകയാണു പദ്ധതി. യു.എസ് റിയൽ എസ്‌റ്റേറ്റ് ഭീമൻ ബേരി സ്റ്റേൺലിറ്റ് ആണ് കാംപയിനു തുടക്കമിട്ട് ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

യു.എസ് ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റായ 'സെമാഫർ' ആണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഒക്ടോബർ ഏഴിൽ ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനു പിന്നാലെ തന്നെ ഈ പബ്ലിക്ക് റിലേഷൻ കാംപയിനിനും സ്റ്റേൺലിറ്റ് തുടക്കമിട്ടതായി സെമാഫർ റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹം വിവിധ വ്യവസായികൾക്കും ശതകോടീശ്വരന്മാർക്കും അയച്ച ഇ-മെയിലുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്താണ് വെബ്‌സൈറ്റ് വാർത്ത പുറത്തുവിട്ടത്.

അമേരിക്കൻ ജനതയ്ക്കു മുന്നിൽ ഹമാസിനെ ഭീകരസംഘടനയായി ചിത്രീകരിക്കുകയും ഇസ്രായേലിനനുസരിച്ച് പൊതുവികാരം സൃഷ്ടിക്കുകയുമായിരുന്നു കാംപയിൻ ആരംഭിക്കുമ്പോൾ ലക്ഷ്യമിട്ടിരുന്നത്. 50 മില്യൻ ഡോളർ(ഏകദേശം 416 കോടി രൂപ) സമാഹരിക്കാനായിരുന്നു പദ്ധതി. പണം തരാൻ സാധ്യതയുള്ള ശതകോടീശ്വരന്മാരുടെ പട്ടിക തയാറാക്കി ഓരോരുത്തരിൽനിന്നും ഒരു മില്യൻ ഡോളർ ആണ് ആവശ്യപ്പെട്ടിരുന്നത്.

പദ്ധതി ചർച്ച ചെയ്യാനായി സി.എൻ.എൻ ഉടമ ഡേവിഡ് സാസ്ലാവ്, എൻഡെവർ സി.ഇ.ഒ എരി ഇമ്മാനുവൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയതായി സ്റ്റേൺലിറ്റ് പ്രമുഖർക്ക് അയച്ച ഇ-മെയിലിൽ പറയുന്നുണ്ട്. കാംപയിനിൽ സഹകരിക്കാൻ ഇമ്മാനുവൽ സന്നദ്ധത അറിയിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു കാംപയിനുമായി ഇപ്പോൾ സഹകരിക്കുന്നില്ലെന്നാണ് ഇരുവരുടെയും വക്താക്കൾ പ്രതികരിച്ചതെന്ന് സെമാഫർ റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിലെ മരണത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ കൂടുതൽ വാർത്ത നൽകുന്നത് ഇസ്രായേലിനുള്ള പിന്തുണ ഇല്ലാതാക്കുമെന്ന ഭയമാണ് ഇ-മെയിലിൽ ബേരി സ്റ്റേൺലിറ്റ് പങ്കുവയ്ക്കുന്നത്. സിവിലിയന്മാരായ ഫലസ്തീനികളുടെ യാതനകളുടെ, ഹമാസ് കെട്ടിച്ചമച്ചതോ യഥാർത്ഥമായോ ഉള്ള, ദൃശ്യങ്ങൾ പുറത്തുവന്നാൽ പൊതുവികാരം മാറുമെന്ന് ഇതിൽ സൂചിപ്പിക്കുന്നുണ്ട്. ഇസ്രായേലിനോട് അന്താരാഷ്ട്ര സമൂഹത്തിനുള്ള സഹാനുഭൂതി ഇല്ലാതാക്കും. അതിനാൽ ആ ആഖ്യാനത്തെയും മറികടന്നുള്ള നീക്കമുണ്ടാകേണ്ടതുണ്ടെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.

50ലേറെ പേർക്ക് ഈ ഇ-മെയിൽ അയച്ചിട്ടുണ്ടെന്നാണു വിവരം. ഇതിൽ മാധ്യമ ഭീമൻ ഡേവിഡ് ഗെഫെൻ, നിക്ഷേപകരായ മൈക്കൽ മിൽകെൻ, നെൽസൺ പെൽറ്റ്‌സ്, ടെക് രംഗത്തെ പ്രമുഖരായ എറിക് ഷ്മിറ്റ്, മൈക്കൽ ഡെൽ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 500 ബില്യൻ ഡോളറിന്റെ ആസ്തിയുള്ളവരെ മാത്രം ലക്ഷ്യമിട്ടാണു ധനസമാഹരണം നടന്നത്.

കാംപയിന്റെ പുതിയ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും നിരവധി ശതകോടീശ്വരന്മാർ ഇതിനായി പണം നൽകിയിട്ടുണ്ടെന്നാണു വിവരം. മുൻ സെനറ്റർ ചക്ക് ഷ്യൂമറിന്റെ സഹായിയായിരുന്ന ജോഷ് വ്‌ലാസ്‌റ്റോയെ കാംപയിൻ ഉപദേഷ്ടാവായി നിയമിക്കുകയും ഫാക്ട്‌സ് ഫോർ പീസ് എന്ന പേരിൽ ഒരു വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റിൽ വിവരങ്ങളൊന്നും ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.

Summary: Billionaires are teaming up for pro-Israel, anti-Hamas media campaign under the real-estate billionaire Barry Sternlicht

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News