ഗസ്സ വെടിനിർത്തൽ; ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം
യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്ന നെതന്യാഹുവിന്‍റെ നിലപാടിനിടയിലും ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ ചർച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു
തെല്‍ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം. യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്ന നെതന്യാഹുവിന്‍റെ നിലപാടിനിടയിലും ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ ചർച്ച തുടരുമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു. റഫക്കു നേരെയുള്ള ഇസ്രായേൽ കരയാക്രമണം വൻ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ്, ബ്രിട്ടീഷ് വ്യോമാക്രമണമുണ്ടായി.
വെടിനിർത്തൽ നിർദേശം അംഗീകരിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്താനുള്ള നീക്കം വിജയിക്കാതെയാണ് നാലു ദിവസം നീണ്ട പശ്ചിമേഷ്യൻ സന്ദർശനം പൂർത്തീകരിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ മടക്കം. വെടിനിർത്തൽ കരാറിനോടുള്ള ഹമാസിന്റെ അനുകൂല പ്രതികരണം മികച്ച അവസരമായാണ് അമേരിക്ക കണ്ടത്. ഹമാസ് വ്യവസ്ഥകളോട് എതിർപ്പുണ്ടെങ്കിലും ബന്ദികളുടെ മോചനത്തിന് ചർച്ചകളിലൂടെ പരിഹാരം തേടാനുള്ള അവസരം നെതന്യാഹുവിന്‍റെ കടുംപിടിത്തം മൂലം ഇല്ലാതായെന്ന വിലയിരുത്തലിൽ ആണ് അമേരിക്ക. ദീർഘകാല വെടിനിർത്തൽ മുൻനിർത്തിയുള്ള ചർച്ചകൾ മുന്നോട്ടു പോകണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. 27,000 ഫലസ്തീനികളുടെ കൊല മറച്ചുപിടിച്ച് പുടിന്‍റെ യുദ്ധകുറ്റങ്ങളെ വിമർശിക്കാൻ അമേരിക്കക്ക് എന്തവകാശമാണുള്ളതെന്ന് നാളെ ലോകം ചോദിക്കുമെന്ന് യു.എസ് സെനറ്റർ ബെർണി സാന്റേഴ്സ് പറഞ്ഞു. ഹമാസിനെ ദുർബലപ്പെടുത്തുകയല്ലാതെ തുരത്താൻ ഒരു നിലക്കും സാധ്യമല്ലെന്ന് യു.എസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ മുൻനിർത്തി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബന്ദി മോചനത്തിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് ഇസ്രായേലിനകത്തും അഭിപ്രായം ശക്തമാണ്. തെൽ അവീവിൽ ഇന്നലെ ആയിരങ്ങൾ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി. എത്രയും പെട്ടെന്ന് ബന്ദിമോചനം വേണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ഇസ്രായേൽ കരയുദ്ധം റഫയിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടത്തുന്നതോടെ ഗസ്സയിലെ അവസാന അഭയകേന്ദ്രവും സുരക്ഷിതമല്ലാതാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. 24 മണിക്കൂറിനിടെ 130 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,840 ആയി.ആകെ 67,317 പേർക്കാണ് പരിക്കേറ്റത്.
ലബനനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചു. യെമനിൽ ഹൂതി കേന്ദ്രങ്ങളിൽ യു.എസ് ബ്രിട്ടീഷ് വ്യോമാക്രമണം തുടർന്നു. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൂതികൾ വ്യക്തമാക്കി.