ചെ ഗുവേരയെ വെടിവച്ചു കൊലപ്പെടുത്തിയ ബൊളീവിയൻ സൈനികൻ അന്തരിച്ചു

ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ സംഭവം എന്നാണ് പിൽക്കാലത്ത് മാറിയോ ടെറാൻ ആ സംഭവത്തെ വിശേഷിപ്പിച്ചത്

Update: 2022-03-12 05:49 GMT
Editor : abs | By : Web Desk
Advertising

ലാ പാസ്: മാര്‍ക്സിസ്റ്റ് വിപ്ലവ നായകന്‍ ഏണസ്‌റ്റോ ചെ ഗുവേരയെ വെടിവച്ചു കൊന്ന ബൊളീവിയൻ സൈനികൻ മരിയ ടെറാൻ സലാസർ (80) അന്തരിച്ചു. കിഴക്കൻ ബൊളീവിയയിലെ സാന്താക്രൂസ് ഡെ ലാ സിയറയിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. അർബുദബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച അർധരാത്രിയായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ബൊളീവിയൻ പ്രസിഡന്റ് റെനെ ബാരിന്റോസിന്റെ ഉത്തരവ് പ്രകാരം 1967 ഒക്ടോബർ 9നാണ് മാരിയോ ടെറാൻ ചെ ഗുവേരയെ വെടിവച്ച് കൊന്നത്. സി.ഐ.എ നിയോഗിച്ച ക്യൂബൻ ചാരന്മാരുടെ രഹസ്യ വിവരപ്രകാരം ഒക്ടോബർ എട്ടിനാണ് ചെ ഗുവേരയെയും സംഘത്തെയും വളഞ്ഞ ബൊളീവിൻ സൈന്യം വലിയ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത്. അന്ന് ചെ ഗുവേരയ്ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോൾ 39 വയസ് മാത്രമായിരുന്നു ചെ ഗുവേരയുടെ പ്രായം.

ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ സംഭവം എന്നാണ് പിൽക്കാലത്ത് മാറിയോ ടെറാൻ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെ ഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിർഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

'ചെ എന്നെ തുറിച്ചുനോക്കിയ വേളയിൽ എന്നെക്കാൾ ഉയരത്തിലാണ അദ്ദേഹം എന്നെനിക്ക് തോന്നി. അതെന്നെ സംഭ്രമിപ്പിച്ചു. ക്ഷണനേരം കൊണ്ട് ചെ എന്റെ കൈയിൽ നിന്ന് ആയുധം തട്ടിയെടുക്കുമെന്ന് ഞാൻ കരുതി. ശാന്തനാകൂ എന്ന് പറഞ്ഞ അദ്ദേഹം നിങ്ങൾ ഒരു മനുഷ്യനെയാണ് കൊല്ലാൻ പോകുന്നത്, നന്നായി ലക്ഷ്യം വയ്ക്കൂ എന്നു പറഞ്ഞു. പിന്നീട് വാതിലിന് അടുത്തേക്ക് ഒരടി പിന്നോട്ടു വച്ച് ഞാനെന്റെ കണ്ണടച്ചു വെടിവച്ചു.' ചെ യുടെ അവസാന നിമിഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. 

മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്. വല്ലൈഗ്രാൻഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയിൽ ആണ് ചെ ഗെവാറയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗെവാറ തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്‌സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാർഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗെവാറയെ കണ്ട ഏക സാക്ഷി എന്നും പറയപ്പെടുന്നു. 

ടെറാൻ 30 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം മാദ്ധ്യമങ്ങളിൽ നിന്ന് അകൽച്ച പാലിച്ചിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News