ബ്രിക്സ് ‍കൂട്ടായ്മയിലേക്ക് യുഎഇയും സൗദിയുമടക്കം ആറ് രാജ്യങ്ങള്‍കൂടി

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു.

Update: 2023-08-24 15:28 GMT
Editor : anjala | By : Web Desk

15th BRICS summit in Johannesburg

Advertising

ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ബ്രിക്സ് കൂട്ടായ്മ വിപൂലികരിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ സമാപിച്ച പതിനഞ്ചാമത് ഉച്ചകോടിയാണ് ബ്രിക്സിലെ അംഗ സംഖ്യ വർധിപ്പിക്കാൻ അംഗീകാരം നൽകിയത്. അർജന്റീന, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ജനുവരി ഒന്ന്  മുതൽ ബ്രിക്‌സിലെ പൂർണ അംഗങ്ങളാകും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആണ് ഈ പ്രഖ്യാപനം നടത്തിയത്. 

ഗ്ലോബൽ സൗത്ത് എന്ന ആശയത്തിന് ഒപ്പം ബഹുധ്രുവ ലോകത്തെ വളർത്തിക്കൊണ്ടു വരാനാണ് വികസ്വര രാഷ്ട്രങ്ങളെ ബ്രിക്സിൻ്റെ ഭാഗമാക്കുന്നത്. പുതിയ രാജ്യങ്ങളെ കൂട്ടായ്മയുടെ ഭാഗമാകുന്നതിലുണ്ടായിരുന്ന അംഗ രാജ്യങ്ങൾക്കിടയിലെ ഭിന്നത, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൂടി ശ്രമഫലമായാണ് മറികടന്നത്.

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ മുപ്പതാം വാർഷികത്തിലാണ് ബ്രിക്സ് ഉച്ചകോടി നടന്നത്. ഇന്ത്യയുടെ നാലാമത്തെ വാണിജ്യ പങ്കാളിയാണ് ദക്ഷിണാഫ്രിക്ക എന്ന് ഉച്ചകോടിയിൽ പ്രധാന മന്ത്രി വിശേഷിപ്പിച്ചു. 16 പുതിയ പദ്ധതികളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി പൂർത്തിയായ സാഹചര്യത്തിൽ പ്രധാന മന്ത്രി ഗ്രീസിലേക്ക് തിരിക്കും. 40 വർഷത്തിനു ശേഷം ആണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ഗ്രീസിൽ സന്ദർശനം നടത്തുന്നത്. 

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു. ഐക്യരാഷ്ട്ര സഭ വക്താവ് അധ്യക്ഷൻ്റെ അഭിനന്ദന സന്ദേശവും ഇന്ത്യക്ക് കൈമാറി. അമേരിക്കയും നാസയും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയെ അഭിനന്ദിച്ചു. യൂറോപ്യൻ യൂണിയൻ, സ്പെയിൻ, ഭൂട്ടാൻ എന്നിവരും ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു. ലോക രാജ്യങ്ങളുടെ ആശംസകൾക്ക് പ്രധാന മന്ത്രി നന്ദി പറഞ്ഞു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News