'അമിതഭാരം മൂലം ടേക്ക് ഓഫ് ചെയ്യാൻ പറ്റുന്നില്ല': 20ഓളം യാത്രക്കാരോട് വിമാനത്തിൽ നിന്നിറങ്ങാനാവശ്യപ്പെട്ട് പൈലറ്റ്
ജൂലൈ 5ന് സ്‌പെയിനിലെ ലാൻസറോട്ടിയിൽ നിന്ന് ലിവർപൂളിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം
ടേക്ക് ഓഫ് ചെയ്യാൻ യാത്രക്കാരോട് വിമാനത്തിൽ നിന്നിറങ്ങാനാവശ്യപ്പെട്ട് പൈലറ്റ്. അമിതഭാരം മൂലം വിമാനമെടുക്കാനാവുന്നില്ലെന്നും 20 പേരോളമിറങ്ങിയാൽ ടേക്ക് ഓഫ് ചെയ്യാനാവുമെന്നും ബ്രിട്ടീഷ് എയർലൈൻ ആയ ഈസിജെറ്റിലെ പൈലറ്റ് ആണ് യാത്രക്കാരോട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ജൂലൈ 5ന് സ്‌പെയിനിലെ ലാൻസറോട്ടിയിൽ നിന്ന് ലിവർപൂളിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വിമാനം സാധാരണയിൽ കവിഞ്ഞ് ഭാരമായിരിക്കുകയാണെന്നും സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്യാൻ 20 പേരോളമിറങ്ങേണ്ടി വരുമെന്നും പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ഭാരക്കൂടുതലും മോശം കാലാവസ്ഥയുമൊക്കെയും ടേക്ക് ഓഫിനെ ബാധിക്കുന്നുണ്ടെന്നും ഇതിനൊപ്പം ഭാരക്കൂടുതൽ കൂടി താങ്ങാനാവില്ലെന്നും പൈലറ്റ് പറയുന്നതായി വീഡിയോയിൽ കേൾക്കാം. താൻ ഇത്തരത്തിൽ നേരത്തെയും തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഈസിജെറ്റ് രംഗത്തെത്തിയിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി 19 യാത്രക്കാർ മറ്റൊരു വിമാനത്തിൽ ലിവർപൂളിലേക്ക് യാത്ര ചെയ്യാൻ സന്നദ്ധരായി എന്നും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ ജീവനക്കാർ നിർബന്ധിതരാവാറുണ്ടെന്നും ഈസിജെറ്റ് വക്താവ് പറഞ്ഞു.