'ട്രാക്ടറിനെക്കുറിച്ച് തപ്പിപ്പോയതായിരുന്നു'; ബ്രിട്ടീഷ് പാർലമെന്റിൽ അശ്ലീലച്ചിത്രം കണ്ട് എം.പി; കുറ്റം സമ്മതിച്ച് രാജി
രണ്ടു തവണ പാർലമെന്റിലിരുന്ന് അശ്ലീലച്ചിത്രം കണ്ടിട്ടുണ്ടെന്നും ഭ്രാന്തമായൊരു നിമിഷത്തിൽ ചെയ്തുപോയതാണെന്നും എം.പി പ്രതികരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലിരുന്ന് അശ്ലീലച്ചിത്രം കണ്ട സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പി രാജിവച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി അംഗമായ നീൽ പാരിഷാണ് കുറ്റം സമ്മതിച്ച് രാജി പ്രഖ്യാപിച്ചത്. രണ്ടു തവണ പാർലമെന്റിലിരുന്ന് അശ്ലീലച്ചിത്രം കണ്ടിട്ടുണ്ടെന്നും ഭ്രാന്തമായൊരു നിമിഷത്തിൽ ചെയ്തുപോയതാണെന്നും എം.പി പ്രതികരിച്ചു.
അശ്ലീലച്ചിത്രം കണ്ട സംഭവം വിവാദമായതോടെ വെള്ളിയാഴ്ച ബ്രിട്ടീഷ് പാർലമെന്റിന്റെ സ്റ്റാൻഡേഡ്‌സ് കമ്മീഷണർക്കു മുൻപാകെ നീൽ പാരിഷ് കുറ്റം സമ്മതിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുംവരെ പാർലമെന്റ് അംഗമായി തുടരുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കുറ്റസമ്മതത്തിനു പിന്നാലെയായിരുന്നു പാരിഷിന്റെ രാജി. കുടുംബത്തിനും മണ്ഡലത്തിനുമുണ്ടാക്കിയ ദുഷ്‌പ്പേര് മനസിലാക്കിയാണ് രാജിയെന്നാണ് അദ്ദേഹം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതക്.
ആദ്യത്തെ തവണ സമാനമായ പേരിലുള്ള ഒരു വെബ്‌സൈറ്റ് ട്രാക്ടറുകളെ കുറിച്ച് തിരയാൻ തുറന്നപ്പോഴായിരുന്നു വിഡിയോ ശ്രദ്ധയിൽപെട്ടതെന്ന് നീൽ പാരിഷ് അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്യരുതാത്തതായിരുന്നുവെങ്കിലും കുറച്ചുനേരം വിഡിയോ തുടർന്നുകണ്ടു. എന്നാൽ, താൻ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം മറ്റൊരു തവണ മനഃപൂർവം വിഡിയോ കണ്ടതാണ്. പാർലമെന്റിൽ ഒരു വോട്ടെടുപ്പിനിടെയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയ്തതിനെ ന്യായീകരിക്കുന്നില്ല. അത് തീർത്തും തെറ്റാണ്. അതേക്കുറിച്ച് അഭിമാനവുമില്ല. ഒരു ഭ്രാന്തമായ നിമിഷത്തിൽ ചെയ്തുപോയതാണ്-പാരിഷ് വ്യക്തമാക്കി.
നേരത്തെ, ഒരു ബ്രിട്ടീഷ് മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർലമെന്റിൽ തൊട്ടരികിലിരുന്ന് ഒരു അംഗം അശ്ലീലച്ചിത്രം കാണുന്നത് കണ്ടെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എം.പിയുടെ പേര് മന്ത്രി പുറത്തുവിട്ടിരുന്നില്ല. എന്നാൽ, മന്ത്രിയുടെ വെളിപ്പെടുത്തൽ ബ്രിട്ടീഷ് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് സംഭവം വിവാദമായത്.
Summary: British lawmaker Neil Parish resigning after watching porn in the House of Commons