ക്രിസ്‍മസിന് അമ്മ സമ്മാനം നൽകിയ ക്രാഫ്റ്റ് കിറ്റ് കൊണ്ട് തുടക്കം: കൗമാരക്കാരൻ സ്റ്റിക്കർ വില്പനയിലൂടെ സ്വന്തമാക്കുന്നത് മാസം 16 ലക്ഷം
ജൂലൈ മാസത്തിൽ ഏകദേശം 79 ലക്ഷത്തിന്റെ ഓർഡറുകൾ ആണ് വിറ്റുപോയത്
സാങ്കേതിക വിദ്യയുടെ വളർച്ചയും സാമൂഹ്യ മാധ്യമങ്ങളും പുറം ലോകത്തേക്കുള്ള വിശാലമായ വാതിലുകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. കുട്ടികളും കൗമാരക്കാരും പ്രായമായവരും അടക്കമുള്ളവർ ഈ വഴികൾ പ്രയോജനപ്പെടുത്തുകയും വലിയ ബിസിനസ് കരിയറുകൾ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി, സ്റ്റിക്കർ വിലപ്പനയിലൂടെ ഒരു ബ്രിട്ടീഷ് കൗമാരക്കാരൻ ഓരോ മാസവും നേടുന്നത് ഏകദേശം 16 ലക്ഷം രൂപയാണ്.
ക്രിസ്മസിന് 'അമ്മ സമ്മാനമായി നൽകിയ ക്രാഫ്റ്റ് കിറ്റ് ഉപയോഗിച്ചാണ് കെയ്‌ലൻ മക്‌ഡൊണാൾഡ് എന്ന 17 കാരൻ സ്റ്റിക്കറുകൾ ഉണ്ടാക്കാൻ തുടങ്ങിയത്. ഡിജിറ്റൽ ഡ്രോയിംഗ്, കട്ടിംഗ്, പ്രിൻ്റിംഗ് മെഷീനായ ക്രിക്കട്ട് ജോയ് ആണ് കെയ്‌ലന്റെ 'അമ്മ കാരെൻ ന്യൂഷാം രണ്ട് വർഷം മുമ്പ് മകന് ക്രിസ്മസ് സമ്മാനമായി നൽകിയത്. അവധിക്കാലം ചെലവഴിക്കാനാണ് കെയ്‌ലൻ ആദ്യം ക്രാഫ്റ്റ് പരിപാടികൾ തുടങ്ങിയതെങ്കിലും പിന്നീട് അതൊരു ഹരമായി.
ഗ്ലാസ് വെയറുകളിലും അക്രലിക്കിലും ഒട്ടിപ്പിടിക്കാവുന്ന തരം സ്റ്റിക്കറുകളാണ് ആദ്യം കെയ്‌ലൻ ഉണ്ടാക്കി തുടങ്ങിയത്. ഫേസ്ബുക്ക് വഴി ആളുകളിലേക്ക് എത്തിച്ചപ്പോൾ വ്യക്തിഗത ഉൽപ്പന്നത്തിന് പണം ലഭിക്കാൻ തുടങ്ങി. സ്കൂൾ സമയത്തിന് ശേഷം മൂന്ന് മണിക്കൂറോളം സമയം കെയ്‌ലൻ തന്റെ ബിസിനസിനായി ചെലവഴിച്ചിരുന്നു. 2024 ആദ്യത്തിൽ ഓരോ മാസവും ഏകദേശം 200 ഓർഡറുകളാണ് കെയ്‌ലന് ലഭിച്ചിരുന്നത്. ജൂലൈ മാസത്തിൽ ഏകദേശം 79 ലക്ഷത്തിന്റെ ഓർഡറുകൾ വിറ്റുപോയി. ഈ മാസത്തോടെ ഒരു കോടി രൂപയുടെ ഓർഡറുകൾ ലഭിക്കുമെന്നാണ് കെയ്‌ലന്റെ പ്രതീക്ഷ.