'ടാറ്റൂ കാരണം ക്രിസ്മസ് പാർട്ടികളിൽ പോലും പങ്കെടുപ്പിക്കുന്നില്ല': പരാതിയുമായി ബ്രിട്ടീഷ് യുവതി

രണ്ടു മൂന്ന് തവണ അണുബാധയുണ്ടായിട്ടുണ്ടെങ്കിലും ടാറ്റൂയിങ് നിർത്താൻ ഉദ്ദേശമില്ലെന്നാണ് മെല്ലിസ കൂട്ടിച്ചേർക്കുന്നത്

Update: 2022-12-12 14:00 GMT
Advertising

ശരീരത്തിൽ ടാറ്റൂ പതിക്കുന്നത് ട്രെൻഡായിട്ട് കാലം കുറച്ചായി. കറുത്ത മഷി ഉപയോഗിച്ചുള്ളതും വിവിധ നിറങ്ങളിലുമൊക്കെയായി പലവിധത്തിലുണ്ട് ടാറ്റൂസ്. കൈകാലുകളാണ് ടാറ്റൂയിങ്ങിനാണ് കൂടുതലാളുകളും തിരഞ്ഞെടുക്കുന്നതെങ്കിലും മുഖമുൾപ്പടെ ദേഹമാസകലം ടാറ്റൂ ചെയ്യുന്ന ഒരുപാടാളുകളുണ്ട്. ഇങ്ങനെ ദേഹമാസകലം ടാറ്റൂയിങ് നടത്തിയതു കൊണ്ട് പൊതുയിടങ്ങളിൽ തഴയപ്പെട്ട ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ബ്രിട്ടനിൽ നിന്നുള്ള മെലിസ്സ സ്ലൊയെ ആണ് തന്നെ ക്രിസ്മസ് പാർട്ടികളിൽ നിന്നുൾപ്പടെ ആളുകൾ അകറ്റി നിർത്തുന്നുവെന്ന് കാട്ടി രംഗത്തെത്തിയിരിക്കുന്നത്. മുഖത്തും ശരീരത്തിലുമായി 800 ടാറ്റൂകളാണ് മെലിസ്സയ്ക്ക്. ഇവ കാരണം തന്നെ പബ്ബുകളിൽ കയറ്റുന്നില്ലെന്നാണ് മെല്ലിസയുടെ പരാതി. മുമ്പും ആളുകൾ അകറ്റി നിർത്തിയിട്ടുണ്ടെങ്കിലും ക്രിസ്മസ് സീസണിൽ ആഘോഷങ്ങൾക്ക് പങ്കെടുപ്പിക്കാതിരിക്കുന്നത് ഏറെ സങ്കടകരമാണെന്നും ആളുകൾ തന്റെ വിഷമം മനസ്സിലാക്കുന്നില്ലെന്നും മെല്ലിസ പറയുന്നു.

"ആഴ്ചയിൽ മൂന്ന് തവണ എന്ന കണക്കിൽ ടാറ്റൂ ചെയ്യും. ചിലപ്പോഴൊക്കെ വീട്ടിൽ വെച്ച് സ്വന്തമായും... സാദാ മനുഷ്യരെ പോലെ തന്നെയാണ് ഞാനുമെന്ന് ആരും ഓർക്കാറില്ല. പബ്ബിൽ പോവാനും ഡ്രിങ്ക്‌സ് കഴിക്കാനുമൊക്കെ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ പബ്ബിൽ അവർ കയറാൻ അനുവദിക്കുക പോലുമില്ല". മെലിസ്സ പറയുന്നു.

20 വയസ്സിലാണ് മെലിസ്സ ആദ്യമായി ടാറ്റൂ ചെയ്യുന്നത്. പിന്നീടങ്ങോട്ട് ടാറ്റൂയിങ് മെലിസ്സയ്ക്ക് ഹോബിയായി. രണ്ടു മൂന്ന് തവണ അണുബാധയുണ്ടായിട്ടുണ്ടെങ്കിലും ടാറ്റൂയിങ് നിർത്താൻ ഉദ്ദേശമില്ലെന്നാണ് മെല്ലിസ കൂട്ടിച്ചേർക്കുന്നത്.

ആളുകൾ രൂക്ഷമായി വിമർശിക്കുമെങ്കിലും മെലിസ്സയുടെ ടാറ്റൂ അഡിക്ഷന് പിന്നിലെ കാരണം അവരാരും അന്വേഷിക്കാറില്ല. കുട്ടിക്കാലത്ത് സഹോദരനിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗികപീഡനമാണ് മെലിസ്സയെ ടാറ്റൂയിങ്ങിന് അടിമയാക്കിയത്. സഹോദരന്റെ ക്രൂരതകൾ മറക്കാനുള്ള 'കോപ്പിങ് മെക്കാനിസ'മായിരുന്നു മെലിസ്സയ്ക്ക് ടാറ്റൂ. ആളുകൾ ഭ്രാന്താണെന്ന് പറഞ്ഞാലും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും അതിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും മെല്ലിസ പറയുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News