ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

വെനസ്വേല സന്ദർശനത്തിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു

Update: 2022-08-31 03:00 GMT
Editor : Lissy P | By : Web Desk
Advertising

കാരക്കാസ്: വിപ്ലവ നേതാവ് ഏണസ്റ്റോ ചെ ഗുവേരയുടെ മകൻ  കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രെൻസാ ലാറ്റിന റിപ്പോർട്ട് ചെയ്തു.

അഭിഭാഷകൻ കൂടിയായ കാമിലോ  ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. മാർക്കറ്റിങ് കാമ്പെയ്നുകളിൽ ചെഗുവേരയുടെ ചിത്രം ഉപയോഗിക്കുന്നതിനെ പരസ്യമായി എതിർക്കുകയും ചെയ്ത വ്യക്തിയാണ് കാമിലോ.

ചെ ഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാർച്ചുമായുള്ള വിവാഹത്തിൽ 1962ലാണ് കാമിലോ ജനിക്കുന്നത് ജനനം. നാലുമക്കളിൽ മൂന്നാമനായിരുന്നു കാമിലോ. അലെയ്ഡ, സീലിയ, ഏണെസ്റ്റോ എന്നിവർ സഹോദരങ്ങളാണ്. പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച ഹിൽഡ എന്ന മകൾ നേരത്തേ മരിച്ചിരുന്നു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനൽകുന്നതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വീറ്റ് ചെയ്തു.

'അഗാധമായ വേദനയോടെ, ചെയുടെ മകനും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രചാരകനുമായ കാമിലോയോട് ഞങ്ങൾ വിടപറയുന്നു,'' പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News